പ്രതീകാത്മക ചിത്രം
കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി ഹൈദരാബാദിൽ പിടിയിലായി. വയനാട് സ്വദേശി ഷിന്‍റോയാണ് കേരള പൊലിസും ഹൈദരാബാദ് പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ മറ്റൊരു കേസിൽ പിടിയിലായത്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വടകര എംഡിഎംഎ കേസിൽ അധ്യാപികമാർ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് പൊലിസിന്‍റെ കണ്ടെത്തൽ. ഈ കേസിലെ മുഖ്യ കണ്ണി ഷിന്‍റോയാണെന്ന് പൊലിസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
ഇയാൾക്കായി വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലുമായി വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ഷിന്‍റോയുടെ സുഹൃത്തുക്കളായ രണ്ട് വയനാട് സ്വദേശികളെയും അന്വേഷണ സംഘം പിടികൂടിയിരുന്നു.
കേസന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് നിർണായക വഴിത്തിരിവായി മുഖ്യപ്രതി പിടിയിലായിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിന്‍റോയെ ഉടൻ തന്നെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
Tags : MDMA Teachers Arrested Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash