ഇംഗ്ലീഷ് ഭാഷാപഠനം ആവശ്യം
Thursday, September 19, 2019 10:52 PM IST
ഇംഗ്ലീഷ് ഭാഷ ഇപ്പോൾ കോർ സബ്ജക്ട് ഇനത്തിൽ ഉൾപ്പെടുത്തി സയൻസ്, കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്ന തോതിൽ 1:1:1:1 എന്ന ക്രമത്തിലാണ് ഹൈസ്കൂൾ ഡിവിഷന് ആനുപാതികമായി തസ്തികകൾ അനുവദിക്കുന്നത്. മലയാളം, ഹിന്ദി, സംസ്കൃതം എന്നിവയുടെ ഗണത്തിൽ ഇംഗ്ലീഷ് കൂടി ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷാപഠനം സജീവമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
സംസ്ഥാനത്തിനു പുറത്തും ഇന്ത്യക്കു പുറത്തും ഒരു ജോലി സന്പാദിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ ആവശ്യമാണെന്ന കാര്യം എല്ലാം മലയാളത്തിലാക്കണമെന്നു വാദിക്കുന്നവർക്ക് അറിയാത്തതല്ല. അവരിൽ പലരുടെയും മക്കളും ബന്ധുക്കളും രാഷ്ട്രീയ നേതാക്കളുടെ മക്കളും ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നതെന്നതു വസ്തുതയാണ്.
കണക്കും ശാസ്ത്രവിഷയങ്ങളും ബഹിരാകാശ വിഷയങ്ങളും ടെക്നിക്കൽ എൻജിനിയറിംഗ് വിഷയങ്ങളും ഇംഗ്ലീഷിൽ പഠിപ്പിക്കുന്നത്ര വിശദമായി മലയാളത്തിൽ പഠിപ്പിക്കാൻ പ്രയാസമാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെ പിഎസ്സി പരീക്ഷകളും മലയാളത്തിലാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന വലിയ അപരാധമായി മാറും. ഇത്തരം വിഷയങ്ങളിൽ പല വാക്കിനും തത്തുല്യമായ മലയാള പദങ്ങൾ ലഭ്യമല്ല. പുതുതായി സൃഷ്ടിക്കുന്ന മലയാള പദങ്ങൾ കടിച്ചാൽ പൊട്ടാത്തതാണ്. ഭാവിതലമുറയെ കുരുതി കൊടുക്കുന്ന ഇത്തരം നീക്കങ്ങളെ സാധാരണക്കാരായ ജനങ്ങൾ ശക്തമായി നേരിടേണ്ടതുണ്ട്. അല്ലെങ്കിൽ ഭാവിയിൽ വലിയ വിപത്ത് നേരിടേണ്ടിവരും.
അതിനാൽ സ്കൂളുകളിൽ എല്ലാ ഡിവിഷനുകളിലും മലയാളം, ഹിന്ദി എന്നപോലെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കേണ്ടത് ആവശ്യമാണ്. ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്തിട്ടുള്ള ബിഎഡ് ബിരുദധാരികളെ ഇംഗ്ലീഷ് അധ്യാപകരായി നിയമിക്കണം. നമ്മുടെ കുട്ടികൾ ഇംഗ്ലീഷ് പഠിച്ച് പുറത്ത് എവിടെയെങ്കിലും ഉപരിപഠനം നേടി ജീവിച്ചോട്ടെ. പിഎസ്സി പരീക്ഷകളെല്ലാം മലയാളത്തിലാക്കിയിട്ട് പ്രത്യേകിച്ച് ഒരു നേട്ടവും സമൂഹത്തിന് ഉണ്ടാക്കാൻ കഴിയില്ല.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൈക്കൂലിക്കുമെതിരേ സമരം ചെയ്യാൻ ആരെയും കാണാറില്ല. കേരളത്തിലെ 31 വ്യവസായ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സി വഴിയല്ല നടക്കുന്നത്. ഭരണകക്ഷികളും സിൽബന്ധികളാണ് അവിടങ്ങളിലെ നിയമനങ്ങളിൽ കയറിപ്പറ്റുന്നത്. ഇത്തരം രാഷ്ട്രീയ അഴിമതിക്കെതിരേ ആരും പ്രതികരിക്കില്ല.
ഉണ്ണിക്കൃഷ്ണൻ മണലൂർ, തൃശൂർ