നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം
Wednesday, October 9, 2019 10:58 PM IST
രാജ്യത്തെ എംബിബിഎസ് പഠനാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം എന്ന വാർത്ത ഞെട്ടലുളവാക്കുന്നതും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതുമാണ്. ഈ തട്ടിപ്പിന് ഉപകരണമായി നിന്നു കൊടുക്കുന്നതു ഡോക്ടർമാരും സീനിയർ മെഡിക്കൽ വിദ്യാർഥികളുമാണെന്നത്, വൈദ്യശാസ്ത്രരംഗം രാജ്യത്ത് എത്തപ്പെട്ടിട്ടുള്ള അധാർമിക ചുഴിയുടെ അഗാധത വെളിവാക്കുന്നതാണ്.
സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെന്റുകളോ അവയുടെ കണ്സോർഷ്യങ്ങളോ സ്വന്തമായി നടത്തിവന്നിരുന്ന എൻട്രൻസ് പരീക്ഷകൾ പലതും അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ചവയായിരുന്നു എന്നു കണ്ട്, സുപ്രീംകോടതി തന്നെ നിശ്ചയിച്ചുറപ്പിച്ച് നടപ്പിൽവരുത്തിയ നീറ്റ് പരീക്ഷ, നീറ്റല്ലാതെ പോകുന്നതായി കാണുന്നത്, ഈ രംഗത്ത് നിയമാനുസൃത അഡ്മിഷൻ കാംക്ഷിക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുന്നതും ഒപ്പം പൊതുസമൂഹത്തിന്റെ ആകാംക്ഷ വർധിപ്പിക്കുന്നതുമാണ്.
മനുഷ്യജീവനുകൾക്കും മനുഷ്യാവകാശങ്ങൾക്കും വില കല്പിക്കുന്ന ഒരു സാമൂഹികക്രമം സംജാതമാക്കുന്നതിലേക്ക് അങ്ങേയറ്റം അറിവും അക്കാദമിക മികവും അർപ്പണബോധവും ഒത്തുചേരുന്ന ഉത്തമ ഭിഷഗ്വരവർഗം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിനായുള്ള വ്യക്തികളെ പ്രാഥമികമായി കണ്ടെത്തുന്നതിനുള്ള തെരഞ്ഞടുപ്പ് പരീക്ഷ, അത്യന്തം നീതിപൂർവകവും നിഷ്പക്ഷവുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഏതറ്റംവരെയും പോകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ട്.
കെ. മാത്തൻ മാത്യു, ഓച്ചിറ