മനുഷ്യാവകാശ ലംഘനം
Sunday, October 20, 2019 11:06 PM IST
ഒരായുഷ്കാലംകൊണ്ട് സന്പാദിച്ച പണമുപയോഗിച്ചു നിയമാനുസൃതമായി ഫ്ളാറ്റുകൾ വാങ്ങി വർഷങ്ങളായി അവിടെ താമസിക്കുന്നവരെ നിഷ്കരുണം അവിടെനിന്ന് ഇറക്കിവിടുന്നതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ഇപ്പോൾ ഫ്ളാറ്റ് പൊളിക്കണമെന്നു വാദിക്കുന്നവരും പരിസ്ഥിതി സംരക്ഷകരുമൊക്കെ ജാഗരൂകരായിരുന്ന സമയത്തുതന്നെയാണ് മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമിക്കപ്പെട്ടത്. ഇവിടെ കുറ്റക്കാർ ഈ ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമിക്കാൻ അനുമതി നൽകിയ അധികാരികളും അവരെ പണം നൽകി സ്വാധീനിച്ച് ഇവ നിർമിച്ചവരും മാത്രമാണ്.
പരിസ്ഥിതി സംരക്ഷിക്കപ്പെടുകതന്നെ വേണം. അതിനാൽ മേലിൽ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തുകയാണു വേണ്ടത്. അതിന് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയവർക്കും നിർമാതാക്കൾക്കും കഠിനമായ ശിക്ഷ നൽകുകയാണു വേണ്ടത്. മാത്രമല്ല, ഒരു തെറ്റും ചെയ്യാത്ത ഫ്ളാറ്റ് ഉടമകളെ താമസസ്ഥലത്തുനിന്ന് ഇറക്കിവിടുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ