വീണ്ടും മഴയും വെള്ളപ്പൊക്കവും
Monday, October 21, 2019 10:02 PM IST
കേരളത്തിൽ വീണ്ടും മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഓരോ വെള്ളപ്പൊക്കം കഴിയുന്പോഴും സർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും മഴ ആഗോള കാലാവസ്ഥാ പ്രതിഭാസമാണെന്നും ഇതിൽ സർക്കാരിന് എന്ത് ചെയ്യാനാകുമെന്നും മറ്റും പറഞ്ഞത് കൈയൊഴിയുന്ന കേരള ഭരണം ഈ സമൂഹത്തിനു ഭാരമാണ്.
ദുരിതാശ്വാസ വിതരണംപോലും കുറ്റമറ്റതാക്കുന്നില്ല. വെള്ളം പൊങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പന്പ് വച്ചു വെള്ളം പന്പ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയോ? താഴ്ച അനുസരിച്ചുള്ള കാനകൾ പണിതു വെള്ളം ഒഴുക്കിവിടാൻ എന്തെങ്കിലും ചെയ്തോ? കനാലുകൾ, ചാലുകൾ, ഓടകൾ, തോടുകൾ, കാനകൾ എന്നിവ ആഴംകൂട്ടി വെള്ളത്തിന്റെ ഒഴുക്ക് വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവോ? നദികളുടെ പ്രളയപ്രതലത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചോ? ഉരുൾപൊട്ടൽ തടയാൻ പാറമടകൾ കുറച്ചുവോ? കുന്നിടിച്ചു റിസോർട്ട് ഉണ്ടാക്കുന്നതിന് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവന്നോ? ഇല്ല.
സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽനിന്നു തെരഞ്ഞെടുപ്പിലേക്കും മരട് ഫ്ലാറ്റ്, പാലാരിവട്ടം പാലം പോലെ അഴിമതിയിൽനിന്ന് അഴിമതിയിലേക്കും കൊലകളുടെ ചുരുളഴിക്കുന്നതിൽ നിന്നും മറ്റു കൊലകളിലേക്കും കടക്കുകയാണ്. ജോളി കഴിഞ്ഞാൽ, മാർക്ക് ദാനം, സർവകലാശാലകളിലെ ക്രമക്കേടുകൾ. ഒരു പ്രശ്നത്തിൽ നിന്നും മറ്റൊരു പ്രശ്നത്തിലേക്ക്.
2018 ലെ പ്രളയം കഴിഞ്ഞപ്പോൾ ശബരിമല പ്രശ്നം ഉണ്ടാക്കി. പ്രളയബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം മാറ്റിവച്ചു. അനാവശ്യ പ്രശ്നങ്ങളുടെ പിന്നാലെയാണു സർക്കാർ. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്നു സർക്കാർ ഒളിച്ചോടുകയാണ്. വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാന്പുകളിലേക്ക് പോകേണ്ടവരുടെ പ്രശ്നങ്ങൾക്കു പുല്ലുവില. പ്രളയം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികൾ !
ജനങ്ങൾ ഭീതിയിലാണെവിടെയും. യാത്രകൾ ദുഷ്കരമായിരിക്കുന്നു. ഒന്നിനും പരിഹാരമില്ല. ദുരന്തം ഒഴിവാക്കാനും നടപടിയില്ല. വീട്ടിലും റോഡിലും റെയിലിലും വിമാനത്താവളത്തിലും വെള്ളം. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ജനങ്ങൾ. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുത് സർക്കാർ. വെള്ളം പൊങ്ങുന്നതിനെതിരെ നടപടി വേണം. മഴ പെയ്താലും വെള്ളം ഒഴുകിപ്പോകണം. അതിനു നടപടി യുദ്ധകാലാടിസ്ഥാനത്തിൽ വേണം. വെള്ളപ്പൊക്കം മൂലം നാശം ഉണ്ടാകുന്നവരെ സഹായിക്കണം.
ഡോ. സി.എം. ജോയി പരിസ്ഥിതി പ്രവർത്തകൻ