കോണ്‍ഗ്രസ് ഹൈക്കമാൻഡ് ദുർബലരുടെ കൂടാരം
Sunday, March 15, 2020 11:52 PM IST
കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്കുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ യാത്രയുടെ കാരണം അധികാരമോഹത്തേക്കാൾ ഹൈക്കമാൻഡിന്റെ പിടിപ്പുകേടാണ് എന്ന തിരിച്ചറിവ് പാർട്ടിയിലെ സാധാരണ പ്രവർത്തകർക്കു പോലുമുണ്ട്. മധ്യപ്രദേശിൽ അധികാരം തിരിച്ചുപിടിക്കാൻ കഠിനാധ്വാനം ചെയ്ത യുവനേതാവിനെ എതിർ ഗ്രൂപ്പും പാർട്ടി നേതൃത്വവും അവഗണിച്ചതു നാം കണ്ടു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷൻ തുടങ്ങിയ പദവികളിൽ ഒന്നുപോലും സിന്ധ്യക്കു ലഭിക്കാതിരിക്കാൻ എതിരാളികൾ സമർഥമായി കരുനീക്കി. എല്ലാറ്റിനും മൗനാനുവാദം നൽകിയ ഹൈക്കമാൻഡ് തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ദുർബലരുടെ ഒരു കൂടാരമാണെന്നു മനസിലാക്കാൻ ഇനി വേറെ പരീക്ഷയുടെ ആവശ്യമില്ല.
അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും ശക്തികൾക്കെതിരേ മുന്നിൽനിന്നു പോരാടേണ്ട പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മതേതരത്വത്തിലും ജനാധിപത്യത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഏവരും ഖിന്നരാണ് എന്നെങ്കിലും നേതൃത്വം മനസിലാക്കണം.
തോമസ് തുണ്ടിയത്ത്, കൂടൽ, പത്തനംതിട്ട