കേന്ദ്രസർക്കാർ തീരുമാനം അനീതി
Sunday, March 15, 2020 11:54 PM IST
രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാതെ പെട്രോൾ ഡീസൽ തീരുവ കൂടിയ കേന്ദ്രസർക്കാർ തീരുമാനം തീർത്തും അനീതിയാണ്, പ്രതിഷേധാർഹമാണ്. വൻ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്നതുകൊണ്ട് തങ്ങൾ എന്തു ജനവിരുദ്ധ തീരുമാനങ്ങൾ എടുത്താലും ആരും തങ്ങളെ ചോദ്യം ചെയ്യില്ല എന്ന ധാർഷ്ട്യംകൂടിയായി വേണം ഇതിനെ കാണാൻ. കൊറോണ വൈറസിന്റെ ഭീതിയിൽ ജനങ്ങൾ പകച്ചു നിൽകുന്പോൾ പോലും മനുഷ്യത്വം തെല്ലും ഇല്ലാതെ പെരുമാറുന്ന കേന്ദ്ര സർക്കാർ രീതിയെ, പുര കത്തുന്പോൾ വാഴ വെട്ടുന്നു എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കാം.
അല്ലെങ്കിൽതന്നെ സഹജീവികളുടെ ജീവൻ കൊറോണ എന്ന വിപത്തിൽനിന്നു രക്ഷിക്കാൻ വേണ്ടി ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും തിരക്കിലായതുകൊണ്ടുതന്നെ ആരുടെ ഭാഗത്തുനിന്നും പ്രതിഷേധം പോലും ഉയരില്ല എന്ന കണക്കുകൂട്ടലിലാകും കേന്ദ്ര സർക്കാർ.
അജയ് എസ്. കുമാർ, പ്ലാവോട്, തിരുവനന്തപുരം