കാർഷിക വായ്പയും കിസാൻ കാർഡും
Monday, March 16, 2020 11:27 PM IST
പത്തു സെന്റ് സ്ഥലവും അതിൽ ചെറിയ ഒരു വീടുമുള്ള കർഷക കുടുംബത്തിലെ ഒരു വീട്ടമ്മയാണു ഞാൻ. പശുവിനെ വളർത്തിയും അന്യരുടെ പുരയിടങ്ങളിൽ കപ്പ, വാഴ തുടങ്ങിയ കൃഷികൾ നടത്തിയുമാണ് ഞാനും കുടുംബവും നിത്യവൃത്തി കഴിയുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ താലി മാല വരെ പണയം വച്ച് ബാങ്കിൽ നിന്നു കാർഷിക വായ്പ എടുത്ത് കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ജീവിതത്തിന്റെ താളം തെറ്റാതെ പിടിച്ചുനില്ക്കുകയായിരുന്നു.
എന്റെ ഭർത്താവിന് കൂലിപ്പണിയെടുത്ത് കുടുംബം പുലർത്താനുള്ള ആരോഗ്യമില്ല. കേരളത്തിലെ കൃഷിമന്ത്രി ഒരു പുതിയ നിയമം കൊണ്ടുവന്ന് എന്നെപ്പോലെയുള്ള അനേകം പാവപ്പെട്ടവരുടെ കഞ്ഞിക്കലത്തിൽ മണ്ണിടുകയാണ് ചെയ്തിരിക്കുന്നത്. ‘കിസാൻ കാർഡ്’ എന്ന പുതിയ പരിഷ്കാരം. കേരളത്തിൽ എത്രപേർക്കുണ്ടു കിസാൻ കാർഡ്? സ്വന്തം പേരിൽ കൃഷിഭൂമി ഇല്ലാത്തവർക്ക് കൃഷിമന്ത്രി "കിസാൻ കാർഡ്’ എങ്ങനെതരും?
കൊള്ളപ്പലിശ വാങ്ങുന്ന സ്വകാര്യ പണമിടപാടുകാരെ വളർത്താൻ മാത്രമേ ഇത്തരം നടപടി ഉപകരിക്കുകയുള്ളൂ. 12 ശതമാനം പലിശയും മറ്റു ഫീസുകളും മാസം തോറുമുള്ള പലിശ പിടിക്കലും എല്ലാംകൂടി ഒരു വർഷം കൊണ്ട് പണയ ഉരുപ്പടി തിരിച്ചെടുക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന സ്ഥിതി വന്നിരിക്കുന്നു. വടക്കെ ഇന്ത്യൻ കർഷകരിൽ ഭൂരിഭാഗം പേർക്കും ഏക്കർ കണക്കിന് കൃഷിഭൂമികൾ ഉണ്ട്. അവിടെ കിസാൻ കാർഡ് കിട്ടാൻ എളുപ്പമാണ്. ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്വന്തമായി കൃഷിഭൂമിയുള്ളവരുടെ എണ്ണം വളരെ പരിമിതമാണ്.
ബാങ്ക് വായ്പയുടെ നിയന്ത്രണം എന്നെപ്പോലെയുള്ള അനേകം പാവപ്പെട്ട കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നടപടിയാണ്. അതുകൊണ്ട് നാലുശതമാനം പലിശയ്ക്കുള്ള കാർഷിക സ്വർണപ്പണയ വായ്പ പുനഃസ്ഥാപിക്കണം.
ഷെർളി മാത്യു, അഞ്ചിലിപ്പ, കാഞ്ഞിരപ്പള്ളി