തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം
Tuesday, July 14, 2020 12:47 AM IST
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ തന്നെ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണല്ലോ? സംസ്ഥാനത്ത് കോവിഡ് 19 വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 65 വയസ് കഴിഞ്ഞവർക്കു പുറത്തിറങ്ങുന്നതിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. എന്നാൽ, ഈ വിഭാഗത്തിൽപെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം ഉണ്ടല്ലോ? നിലവിലെ സാഹചര്യത്തിൽ കുട്ടനാട്ടിലും ചവറയിലും നടത്തേണ്ട നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പോലും നടത്താൻ കഴിയില്ലെന്നാണല്ലോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.
അതുകൊണ്ട്, കനത്ത സാമ്പത്തികച്ചെലവ്, രോഗവ്യാപന സാധ്യത, മുതിർന്ന പൗരന്മാർക്ക് മത്സരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനുമുള്ള തടസങ്ങൾ എന്നിവ പരിഗണിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയാണു വേണ്ടത്.
വി.എം. മോഹനൻ പിള്ള, പത്തനാപുരം