ചരിത്ര യാഥാർഥ്യങ്ങളെ വെട്ടിമുറിക്കുന്നവർ
Tuesday, July 14, 2020 12:48 AM IST
പാഠപുസ്തകങ്ങളിലൂടെയുള്ള ചരിത്രത്തിന്റെ അപനിർമിതി ഇപ്പോൾ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ദേശീയത, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ആശയങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന വിധത്തിൽ സിബിഎസ്ഇ യുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയത് ഈയിടെ ഏറെ വിവാദമായിരുന്നു. കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് പ്രസിദ്ധീകരിച്ച ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഇത്തരത്തിലുള്ള ചരിത്ര അപനിർമിതി കാണാൻ സാധിക്കും.
ഇതിന്റെ ഒന്നാം അധ്യായത്തിന്റെ പേര് ‘യൂറോപ്പ് ഇൻ ട്രാൻസിഷൻ’ എന്നാണ്. യൂറോപ്പിൽ സംഭവിച്ച നവോത്ഥാനമാണ് ഈ പാഠത്തിന്റെ കേന്ദ്രബിന്ദു. ലോക പൈതൃക പദവി പട്ടികയിലുള്ള പ്രധാനപ്പെട്ട ഒരു സ്മാരകമായ ഹാഗിയ സോഫിയയെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഈ പാഠം ആരംഭിക്കുന്നത്. ആറാം നൂറ്റാണ്ടിൽ പണിയപ്പെട്ട ഈ സ്മാരകം ഇപ്പോൾ ചരിത്ര മ്യൂസിയം ആയി തുർക്കിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്.
ഹാഗിയ സോഫിയയെ വ്യക്തമായ രീതിയിൽ ഇതിൽ അവതരിപ്പിച്ചിട്ടില്ല. ഹാഗിയ സോഫിയ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഒരു കത്തീഡ്രൽ ആയിരുന്നുഎന്ന വസ്തുത ബോധപൂർവം മറച്ചുവച്ചിരിക്കുന്നു. എഡി 537 ൽ കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ അധിപനായ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയാണ് കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി ഹാഗിയ സോഫിയ ദേവാലയം പണി കഴിപ്പിച്ചത്. വസ്തുത ഇതായിരിക്കെ ഗൗരവതരമായ ചരിത്ര അപനിർമിതിയാണ് ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നടത്തിയിരിക്കുന്നത്.
മതത്തെയും വിശ്വാസത്തെയുമെല്ലാം മാറ്റിക്കളയുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന സെക്കുലറൈസേഷൻ കാഴ്ചപ്പാട് പാഠപുസ്തക രചയിതാക്കളെയും സ്വാധീനിച്ചു എന്നു വേണം കരുതാൻ. അതോ അവർ സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നവരാണോ? ചരിത്രത്തെ തിരുത്തി എഴുതുകയും മാറ്റി എഴുതുകയും ചെയ്യുന്ന വർഗീയവാദികളെക്കാളും സ്വേച്ഛാധിപത്യവാദികളെക്കാളും ഒട്ടും പിറകിലല്ല തങ്ങളെന്ന് ചരിത്ര അപനിർമിതിയിലൂടെഇവർ തെളിയിച്ചിരിക്കുകയാണ്.
ഫാ. ജോസഫ് കളത്തിൽ, കോഴിക്കോട്.