വീടിന് മുകളിലേക്ക് മതിൽ വീണ് നാശം നേരിട്ടു
1567747
Monday, June 16, 2025 5:36 AM IST
ചങ്ങരംകുളം: കനത്ത മഴയിൽ ചിയ്യാനൂരിൽ വീടിനു മുകളിലേക്ക് മതിൽ വീണ് വീട് ഭാഗികമായി തകർന്നു. ചങ്ങരംകുളം ചിയ്യാനൂരിൽ കോട്ടയിൽ ക്ഷേത്രത്തിനടുത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുതിരംപറന്പത്ത് സുരേഷ് ബാബു -വിജി ദന്പതിമാരുടെ വീടാണ് തകർന്നത്.
ഓട്ടോ തൊഴിലാളിയായ സുരേഷ് ബാബുവും ഭാര്യ വിജിയും അസുഖം നേരിടുന്ന അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന സ്വകാര്യവ്യക്തിയുടെ മതിലാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണത്. വീടിന്റെ അടുക്കളയുടെ ചുമരും വാതിലും അടക്കം തകർന്ന് വീണിട്ടുണ്ട്. മറ്റു ഭിത്തികൾക്കും വിള്ളലേറ്റു.
മുന്പ് മതിൽ ഒരു ഭാഗം തകർന്നിരുന്നതായും പഞ്ചായത്തിൽ പരാതി നൽകിയതായും സ്ഥലത്തിന്റെ ഉടമയോടും അപകടാവസ്ഥ ബോധ്യപ്പെടുത്തിയതാണെന്നും എന്നാൽ ഒരു വിധത്തിലുള്ള നടപടിയും ഉണ്ടായില്ലെന്നും സുരേഷ് ബാബു പറഞ്ഞു.