വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി
1567752
Monday, June 16, 2025 5:36 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിംഗ് പ്രക്രിയ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയായി.
വരണാധികാരിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരാണ് കമ്മീഷനിംഗ് പ്രക്രിയ പൂർത്തീകരിച്ചത്. 263 പോളിംഗ് ബൂത്തുകളിലേക്ക് റിസർവ് ഉൾപ്പെടെയുള്ള മെഷീനുകൾ ഉപതെരഞ്ഞെടുപ്പിനായി സജ്ജമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം സ്ഥാനാഥികളുടെ പ്രതിനിധികൾ റാൻഡം ആയി തെരഞ്ഞടുത്ത അഞ്ച് ശതമാനം മെഷീനുകളിൽ 1000 മോക്ക് വോട്ടുകൾ രേഖപ്പെടുത്തുകയും ഈ വോട്ടുകൾ വിവിപാറ്റ് സ്ലിപ്പുമായി താരതമ്യം ചെയ്തു കൃത്യത ബോധ്യപ്പെടുത്തുകയും ചെയ്തു. ജില്ലാ കളക്ടർ വി.ആർ. വിനോദ് സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.