കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
1568103
Tuesday, June 17, 2025 7:58 AM IST
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ പുതുപ്പറന്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ സിബിഎസ്ഇ നടത്തിയ എഐഎസ്എസ്സിഇ, എഐഎസ്എസ്ഇ എന്നീ പരീക്ഷകളിൽ വിജയിച്ചവരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
വടകര ആർഡിഒയും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ പി. അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് പരീക്ഷയിൽ ഫാസിൻ മുഹമ്മദ് 97 ശതമാനം മാർക്ക് നേടിയപ്പോൾ നിരുപമ എ. കുമാർ 96 ശതമാനം മാർക്കും അദ്യുത് കൃഷ്ണ 95.6 ശതമാനം മാർക്കും സ്വന്തമാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എൻ.ടി. അമൻ 90 ശതമാനം മാർക്ക് നേടി. വിജയികൾക്ക് ആർഡിഒ സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും വിതരണം ചെയ്തു.
എഡ്യൂക്കേഷൻ കൗണ്‍സിലർ സിസ്റ്റർ സീന ആന്റോ (സാന്തോം പ്രോവിൻസ് താമരശേരി) അധ്യക്ഷയായിരുന്നു. കോട്ടക്കൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിൻസെന്റ് കറുകമാലിൽ അനുഗ്രഹ പ്രഭാഷണവും പിടിഎ പ്രസിഡന്റ് ശരത്നാഥ് മുഖ്യപ്രഭാഷണവും നടത്തി. സ്കൂൾ ഡവലപ്മെന്റ എക്സിക്യൂട്ടീവ് മെന്പർ മുഹമ്മദ് ഷാഫി, പ്രിൻസിപ്പൽ സിസ്റ്റർ ആൻസില്ല ജോർജ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി കെ. ലെന മെഹ്റിൻ എന്നിവർ പ്രസംഗിച്ചു.
സൈബർ സ്ക്വയറിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന വിദ്യാർഥികൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ടെക് എക്സ്പോ ഇക്കഴിഞ്ഞ മേയ് 10 ന് ദുബായിൽ നടത്തിയിരുന്നു. ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്ത റയാൻ ജാഫർ, മുഹമ്മദ് സ്വാലിഹ്, ഒമർ ആര്യൻ, ആയിഷ നെയ്വിൻ, അഫീൻ മിൻസ, ഐസെൽ എന്നീ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
എസ്കെ ട്രെൻഡ്സ് മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവിനെ അംഗീകരിക്കുന്ന ഇന്ത്യയിലെ മികച്ച 100 പ്രചോദനാത്മക വിദ്യാഭ്യാസ ഐക്കണുകളെ തെരഞ്ഞെടുക്കാൻ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓണ്‍ലൈൻ സെർച്ചിൽ മികച്ച അധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപിക സബിതയെയും ചടങ്ങിൽ അനുമോദിച്ചു.