മദ്യനിരോധന സമിതി പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമം
1567754
Monday, June 16, 2025 5:36 AM IST
എടക്കര: നിലന്പൂർ മണ്ഡലത്തിൽ കേരള മദ്യനിരോധനസമിതി നടത്തിക്കൊണ്ടിരുന്ന തെരഞ്ഞെടുപ്പ് ഇടപെടൽ കാന്പയിൻ തടസപ്പെടുത്താനും പ്രവർത്തകരെ കൈയേറ്റം ചെയ്യാനും എൽഡിഎഫ് പ്രവർത്തകർ ശ്രമിച്ചതായി പരാതി. ഇന്നലെ വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ മദ്യനിരോധന സമിതി നടത്തിയ യോഗത്തിനിടെയാണ് സംഭവം.
നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകർക്കുന്ന എൽഡിഎഫിനെ നിലന്പൂരിൽ തിരുത്തണം എന്ന ആഹ്വാനവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ മദ്യനിരോധനസമിതി നിലന്പൂരിൽ പ്രചാരണത്തിലാണ്.
എൽഡിഎഫ് ഭരണകാലത്ത് മദ്യലോബിയെ സഹായിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചപ്പോഴാണ് എൽഡിഎഫ് പ്രവർത്തകർ രോഷാകുലരായതും ജാഥാ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ മുതിർന്നതും. മദ്യനയവുമായി ബന്ധപ്പെട്ട്, എൽഡിഎഫ് പറഞ്ഞതും ചെയ്തതും വിശദീകരിക്കുന്ന ലഘുലേഖ വിതരണം ചെയ്തവർക്ക് നേരെയും ചീത്തവിളിയുണ്ടായി.