ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
1573507
Sunday, July 6, 2025 7:30 AM IST
കാഞ്ഞങ്ങാട്: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച് യുവതിയുടെ മരണത്തിനിടയാക്കിയതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
കൂളിയങ്കാലിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോവാതെ മുന്നോട്ടാഞ്ഞതോടെയാണ് സംഘർഷം കൈയാങ്കളിയിലെത്തിയത്. കെഎസ്യു തൃക്കരിപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് എ.വി. വരുൺ രാജിന്റെ തലയ്ക്ക് പരിക്കേറ്റു.
ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, സി.എം. ഉനൈസ്, രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ്, രതീഷ് കാട്ടുമാടം, ദീപു കല്യോട്ട്, അനൂപ് കല്യോട്ട്, ശിവപ്രസാദ് അറുവാത്ത്, രജിത രാജൻ, എം. കുഞ്ഞികൃഷ്ണൻ, ഷിബിൻ ഉപ്പിലിക്കൈ, വസന്തൻ പടുപ്പ്, രാജേഷ് പുല്ലൂർ എന്നിവർ പ്രസംഗിച്ചു.