കാസര്‍ഗോട്ടെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം
1573030
Saturday, July 5, 2025 1:02 AM IST
കാസര്‍ഗോഡ്: അത്യുത്തര കേരളത്തിലെ റെയില്‍ യാത്രക്കാര്‍ നേരിടുന്ന സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ചും അതില്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും രാജ്മോഹന്‍ ഉണ്ണിത്താന് എംപി നല്കിയ നിര്‍ദേശങ്ങളില്‍ തുടര്‍ നടപടി വേഗത്തിലാക്കാന്‍ കാസര്‍ഗോഡ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. പ്രശാന്ത്കുമാര്‍ ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് അഡിഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എം. ജയകൃഷ്ണന് നിവേദനം നല്കി.
കോഴിക്കോട് ഭാഗത്ത് നിന്ന് വൈകുന്നേരം മുതല്‍ പാതിരാത്രി വരെ കാസര്‍ഗോട്ടേക്കും തിരിച്ചും പ്രതിദിന ഹൃസ്വ ദൂരവണ്ടികള് ഇല്ലാത്തതും ഈ ഭാഗത്തുള്ള സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സീസണ് ടിക്കറ്റ് യാത്രക്കാരുടെ ദുരിതങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കൈകൊള്ളുമെന്നു എഡിആര്‍എം പ്രതികരിച്ചു.
ഇതുസംബന്ധിച്ച് യാത്രക്കാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കാസര്‍ഗോഡ് വെച്ചു ചര്‍ച്ച ചെയ്യാന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എംപി റയില്‍വേ സോണ്‍ ജനറല്‍ മാനേജര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്.