കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ മ്യൂസിയം ഒരുങ്ങുന്നു
1572929
Friday, July 4, 2025 7:28 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ജയിൽ മ്യൂസിയം ഒരുക്കുന്ന തിരക്കിലാണ്. ഈസ്റ്റ ഇന്ത്യാ കന്പനിയുടെ കീഴിലെ ഭരണപ്രദേശമായിരുന്നപ്പോൾ മലബാർ മേഖലയുടെ മുഴുവൻ കുറ്റവാളികളേയും അടച്ചിട്ടിരുന്നതും സ്വതന്ത്ര്യ സമരഭടന്മാരെ ഉൾപ്പെടെ താമസിപ്പിച്ചിരുന്നതുമായ ജയിലിന്റെ ഒരു ഭാഗമാണ് മ്യൂസിയമാക്കുന്നത്.
പ്രധാന ഗേറ്റിൽനിന്ന് വഴിയൊരുക്കി ജയിലിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടക്കാതെയാണ് ഒരേക്കർ സ്ഥലത്ത് ജയിൽ മ്യൂസിയം തയാറാക്കുന്നത്. തടവുകാരുടേയും നാടിനു വേണ്ടി പോരാടി ജയിലിനുള്ളിൽ തൂക്കിലേറ്റപ്പെട്ടവരുടേയും ഓർമകൾ പുതുക്കാൻ അവസരം നൽകും. ജയിലിൽ കഴിഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളുടെ ഉൾപ്പെടെ ചരിത്രം മനസിലാക്കി അര ദിവസം സന്ദർശകർക്ക് ചെലവഴിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ജയിൽ വളപ്പിലെ പഴയ ക്വാറന്റ്വൈൻ ഇരുനില കെട്ടിടം ഇപ്പോൾ പഴകി നശിക്കാറായ സ്ഥിതിയിലാണ്. ഉദ്ഘാടനചടങ്ങ് വരും മാസങ്ങളിൽ നടക്കുമെന്ന് കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.
ദേശീയപാതയോരത്ത് 91.12 ഏക്കറിലാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. ചുറ്റിനും കോട്ടപോലുള്ള മതിൽ കെട്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരേയും മലബാർ കലാപകാരികളേയും പാർപ്പിച്ച തടവറ. സ്വാതന്ത്യ്ര സമരകാലത്ത് എത്രയോ സമര ഭടന്മാരുടെ ജീവിതം ഈ തടവറയിൽ അവസാനിച്ചു. പേടിപ്പെടുത്തിയിരുന്ന തടവറയാണിത്. മലബാർ കലാപത്തിൽ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ സ്വാതന്ത്ര്യ സമരമായി ആരംഭിച്ച സമരം, മലബാർ കലാപമായി വഴിമാറിയപ്പോൾ മാപ്പിള കലാപകാരികളെ കൂട്ടമായി പിടികൂടി കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചത്.1921 നവംബർ 20-ന് തിരൂരിൽനിന്നു പിടികൂടി കോയന്പത്തൂർ ജയിലിലേക്ക് കൊണ്ടുപോകാനായി റെയിൽവേയുടെ ചരക്ക് വാഗണിൽ അടച്ച് യാത്ര തുടർന്നപ്പോൾ 64 സമര ഭടന്മാർ ശ്വാസം മുട്ടി മരിച്ചതാണ് കുപ്രസിദ്ധമായ വാഗൺ ട്രാജഡി.
ഈ സംഭവത്തിന്റെ 14-ാം നാൾ 1921 ഡിസംബർ നാലിന് കണ്ണൂർ സെൻട്രൽ ജയിലിൽ കലാപകാരികളായ 30 മാപ്പിളമാർ മരിച്ചതായി ജയിൽ രേഖകളിൽ പറയുന്നു. സമരത്തിനിറങ്ങി ജയിലിൽ ജീവൻ പോയവരിൽ ചിലരുടെ പേരുമാത്രമാണിത്. കിരാത മർദന മുറകളും ദുരിതങ്ങളും സമ്മാനിച്ച കണ്ണൂർ സെൻട്രൽ ജയിൽ സ്വാതന്ത്ര്യ സമര കാലത്ത് സ്വാതന്ത്ര്യത്തിനായി സമരത്തിനിറങ്ങിയവരുടെ പേടി സ്വപ്നമായിരുന്ന രാവണൻ കോട്ടയായിരുന്നു. തീരുന്നില്ല, ജയിൽ രേഖകളിലെ രഹസ്യങ്ങൾ.
കയ്യൂർ സമര നേതാക്കളെ തൂക്കിലേറ്റിയത് ഈ ജയിലിനുള്ളിലാണ്. അടിയന്തരാവസ്ഥക്കാലത്ത് പിടികൂടിയ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ജനസംഘം നേതാക്കളെ ഈ ജയിലിലാണ് അടച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ അടിയന്തരാവസ്ഥക്കാലത്ത് തടവിൽ കിടന്ന ജയിലാണിത്.
സ്വന്തം ലേഖകൻ