ആകാൻക്ഷ ഹാറ്റ് മേളയ്ക്ക് തുടക്കമായി
1587766
Saturday, August 30, 2025 2:09 AM IST
കാഞ്ഞങ്ങാട്: നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആകാന്‍ക്ഷ ഹാറ്റ് പ്രദര്‍ശന-വിപണന മേളയ്ക്ക് കാഞ്ഞങ്ങാട് തുടക്കമായി. ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ഹൊസ്ദുര്‍ഗ് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.കെ. സുധീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡിഐസി ജനറല്‍ മാനേജര്‍ എസ്. സജിത് കുമാര്‍ സ്വാഗതവും പരപ്പ ബ്ലോക്ക് ബിഡിഒ കെ.ജി. ബിജുകുമാര്‍ നന്ദിയും പറഞ്ഞു.
സെപ്റ്റംബര്‍ മൂന്ന് വരെ കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന മേളയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും സ്വയം സഹായ സംഘങ്ങളുടെയും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, കൈത്തറി സാധനങ്ങള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രാദേശിക ഉത്പന്നങ്ങള്‍ അമ്പതോളം സ്റ്റാളുകളിലായി അണിനിരക്കും.