കുമ്പള ടോള്‍ ബൂത്തിനെതിരേ പ്രതിഷേധമിരമ്പി
1586732
Tuesday, August 26, 2025 1:56 AM IST
കുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ആരിക്കാടിയില്‍ നിര്‍മിക്കുന്ന ടോള്‍ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. കുമ്പള ടോള്‍ ഗേറ്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കുമ്പള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ടോള്‍ നിര്‍മ്മാണ സ്ഥലത്തേക്ക് എത്തുന്നതോടെ പോലീസ് തടഞ്ഞു.
വിവിധ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം കടകള്‍ അടച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിദ്യാര്‍ഥികളും സമരത്തില്‍ അണിനിരന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ സമരം ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. സി.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് കര്‍ള, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ എന്നിവര്‍ പ്രസംഗിച്ചു.