ബങ്കളത്ത് സ്റ്റേഡിയം നിര്‍മിക്കും: ബേബി ബാലകൃഷ്ണന്
1586733
Tuesday, August 26, 2025 1:56 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഒരുകോടി രൂപ ചെലവില്‍ ബങ്കളത്ത് സ്റ്റേഡിയം നിര്‍മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കായികമേഖലയെ പരിപോഷിപ്പിക്കാന്‍ ഒട്ടേറെ പദ്ധതികളും ആവശ്യമായ ഫണ്ടും ലഭ്യമാണെങ്കിലും സാങ്കേതികത്വ പ്രശ്നങ്ങള്‍ മൂലം പല പദ്ധതികളും നടപ്പില്‍വരുത്താന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുന്നുവെന്നുള്ളത് നിരാശജനകമാണ്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിനു ഒരു കളിക്കളം പദ്ധതിയിലൂടെ ജില്ലയില്‍ നിര്‍മിച്ച അഞ്ചു സ്റ്റേഡിയങ്ങളും കായികമേഖലയിലെ ജില്ലയുടെ കുതിപ്പിന് ആക്കം കൂട്ടാന്‍ ഉതകുന്നവയാണ്. പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കാസര്‍ഗോഡ് വികസന പാക്കജില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. മദനന്, അഡീഷണല്‍ എസ്പി സി.എം. ദേവദാസ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടി.വി. മധുസൂദനന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി പ്രഫ. രഘുനാഥ്, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എം.എസ്. സുദീപ് ബോസ്, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അനില്‍ ബങ്കളം, ടി.വി. കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. സ്പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. അശോകന് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണന് നന്ദിയും പറഞ്ഞു.