ബേക്കലും റാണിപുരവും സന്ദർശിച്ച് ചീഫ് സെക്രട്ടറി
1587543
Friday, August 29, 2025 2:01 AM IST
ബേക്കൽ/റാണിപുരം: ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ ബീച്ച് പാർക്കും റാണിപുരവും സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്തു.
റാണിപുരത്ത് നടപ്പാക്കുന്ന ട്രക്കിംഗ് പദ്ധതികൾ പരിശോധിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ റിസോർട്ടും വനവിഭവങ്ങളുടെ വില്പനകേന്ദ്രവും സന്ദർശിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ കടലേറ്റം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.
ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് നിർദേശം നൽകി. ബിആർഡിസി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. വിമൽ രാജ്, ജി.എസ്. പ്രവീൺകുമാർ എന്നിവർ സംബന്ധിച്ചു.
ബേക്കൽ താജ് ഗേറ്റ് വേ റിസോർട്ടിൽ നടന്ന ബിആർഡിസി ബോർഡ് യോഗത്തിലും ചീഫ് സെക്രട്ടറി പങ്കെടുത്തു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കളക്ടർ കെ. ഇമ്പശേഖർ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.