ഓണമിങ്ങെത്തിയിട്ടും ഒഴിയാതെ പെരുമഴക്കാലം
1587539
Friday, August 29, 2025 2:01 AM IST
കാഞ്ഞങ്ങാട്: മെയ് മാസം പകുതിയായപ്പോൾ തൊട്ട് ഇടതടവില്ലാതെ പെയ്ത മഴ ഒട്ടൊന്നു വിട്ടുനിന്നത് കഴിഞ്ഞയാഴ്ച മാത്രമാണ്. അത്തം തുടങ്ങിയതുമുതൽ വീണ്ടും യെല്ലോ അലർട്ടും ഓറഞ്ച് അലർട്ടുമായി. കഴിഞ്ഞയാഴ്ചത്തെ തെളിഞ്ഞ കാലാവസ്ഥ കണ്ട് ഓണത്തിരക്ക് തുടങ്ങുമ്പോൾത്തന്നെ നല്ല കച്ചവടം ലഭിക്കുമെന്നു പ്രതീക്ഷിച്ച വ്യാപാരികൾക്കും തെരുവുകച്ചവടക്കാർക്കുമെല്ലാം ഇത് ഇരുട്ടടിയായി.
പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ അടച്ചതിനു പിന്നാലെ ജില്ലയിൽ വിനായക ചതുർഥിയുടെയും അയ്യങ്കാളി ജയന്തിയുടെയും പേരിൽ രണ്ട് പൊതു അവധി ദിനങ്ങൾ കിട്ടിയിട്ടും തുണിക്കടകളിലും ഫാൻസി ഷോപ്പുകളിലുമൊന്നും പ്രതീക്ഷിച്ച തിരക്കുണ്ടായില്ല. തോരാമഴ മൂലം ആളുകൾ കുടുംബസമേതം പുറത്തിറങ്ങാൻ മടിച്ചതാണ് പ്രശ്നമായത്.
പാതയോരങ്ങളിൽ വീണ്ടും വെള്ളം നിറഞ്ഞത് വഴിയോര കച്ചവടക്കാരെയും നിരാശയിലാഴ്ത്തി. പലരും നഗരസഭയിൽ ഫീസടച്ച് കച്ചവടം നടത്താനെത്തിയിട്ടും സാധനങ്ങളിലേറെയും പുറത്തിറക്കാൻ പോലും കഴിഞ്ഞില്ല. പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയ സാധനങ്ങൾക്കരികിൽ മഴ നോക്കിയിരിക്കാനായിരുന്നു മിക്കവരുടെയും വിധി.
കർണാടകയിൽ നിന്നും മറ്റുമെത്തിയ പൂക്കച്ചവടക്കാരെയും മഴ കാര്യമായിത്തന്നെ വലച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും കർഷകരും സ്വാശ്രയ സംഘങ്ങളും വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ മഴയിൽ നനഞ്ഞു കുതിർന്നതോടെ പെട്ടെന്ന് വിളവെടുത്ത് വില്പന നടത്തേണ്ട സ്ഥിതിയിലായി.
മിക്കവാറും സ്കൂളുകളിൽ ഇന്ന് ഓണാഘോഷമായതിനാൽ പൂക്കടകളിലും ഫാൻസി കടകളിലുമെല്ലാം തിരക്കേറുമെന്നാണ് പ്രതീക്ഷ.