ചെർക്കളയിലെ മേൽപ്പാത ഓണത്തിനുമുമ്പ് തുറക്കും
1586725
Tuesday, August 26, 2025 1:56 AM IST
കാസർഗോഡ്: ദേശീയപാതയിൽ ചെർക്കള ടൗണിലെ മേൽപ്പാത ഓണത്തിനു മുമ്പ് തുറക്കാൻ തീരുമാനം. ആദ്യഘട്ടത്തിൽ മേൽപ്പാതയുടെ കിഴക്കുവശത്തുകൂടി മാത്രമാകും ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുക. ഈ ഭാഗത്തെ അവസാനഘട്ട ടാറിംഗ് ജോലികൾ ഇപ്പോൾ നടക്കുകയാണ്. ഇത് പൂർത്തിയായാലുടൻ ഇതുവഴി വാഹനങ്ങൾ കടത്തിവിടുമെന്ന് നിർമാണ കരാറുകാരായ മേഘ എൻജിനിയറിംഗ് അധികൃതർ പറഞ്ഞു.
ഓണവും നബിദിനവും ഒന്നിച്ചെത്തുമ്പോൾ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുൻനിർത്തിയാണ് മേൽപ്പാത എത്രയും പെട്ടെന്ന് തുറക്കാൻ തീരുമാനിച്ചത്. മേൽപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിലേറെയായി ടൗണിൽ ഗതാഗതക്കുരുക്ക് പതിവാണ്.
കഴിഞ്ഞദിവസം ഇടുങ്ങിയ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ചരക്കുലോറിയുടെ മുകൾഭാഗം മേൽപ്പാതയുടെ ബീമിൽ തട്ടി കണ്ടെയ്നർ റോഡിൽ വീണ് അപകടമുണ്ടായിരുന്നു. മഴക്കാലത്ത് സർവീസ് റോഡിൽ വെള്ളം കയറുന്നതും പതിവാണ്. ഇതിന് പരിഹാരമായി ഓവുചാലുകളുൾപ്പെടെ നിർമിച്ച് സർവീസ് റോഡ് റീടാറിംഗ് നടത്തുന്നതിനുള്ള പ്രവൃത്തികൾ മേൽപ്പാത തുറക്കുന്നതോടെ ആരംഭിക്കും.