എലിപ്പനി ഭീതിയില്‍ കാസര്‍ഗോഡ്
1587281
Thursday, August 28, 2025 1:32 AM IST
കാഞ്ഞങ്ങാട്: ആശങ്കയായി ജില്ലയില്‍ എലിപ്പനി പടരുന്നു. രണ്ടുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. രോഗവ്യാപനം കൂടിയതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഈ മാസം മാത്രം 25 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ഇന്നലെയും ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം മാത്രം 54 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി രോഗലക്ഷണങ്ങളോടെ ഈ വര്‍ഷം 13 പേരും ചികിത്സ തേടി. വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക, വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, പ്രതിരോധ ഗുളികകള്‍ കൃത്യമായി കഴിക്കുക എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ചത്ത എലികളെ സുരക്ഷിതമായി നീക്കം ചെയ്യുക, പ്രതിരോധ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.
ശ്രദ്ധിക്കണം, ഇക്കാര്യങ്ങള്‍
പ്രളയജലത്തിലും കെട്ടിക്കിടക്കുന്ന മലിനജലത്തിലും ഇറങ്ങുന്നത് ഒഴിവാക്കുക, മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങളും ബൂട്സുകളും ധരിക്കുക.
ചത്ത മൃഗങ്ങളെയോ എലികളെയോ നീക്കംചെയ്യുമ്പോള്‍ മാസ്കും ഗ്ലൗസുകളും ഉപയോഗിക്കുക.
കുടിവെള്ളം ഉപയോഗിക്കുന്നതിന് മുന്‍പായി നന്നായി തിളപ്പിക്കുക.
കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ ക്ലോറിന്‍ ചേര്‍ത്ത് ശുദ്ധീകരിക്കണം.
മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഡോക്സിസൈക്ലിന്‍ കഴിക്കരുത്.
വീടും പരിസരവും വൃത്തിയാക്കുക, സ്വയം ചികിത്സ ഒഴിവാക്കുക.
പനി പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.