ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് പരിശോധനാസംഘമെത്തി
1586728
Tuesday, August 26, 2025 1:56 AM IST
കുമ്പള: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് പരിശോധനാസംഘമെത്തി. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ സ്കൂളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ചു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും എസ്എസ്കെയുടെയും ആഭിമുഖ്യത്തിൽ കെട്ടിടനിർമാണത്തിനായി അനുവദിച്ച 12 ലക്ഷം രൂപയും നൈപുണ്യവികസന കോഴ്സുകൾ തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനായി സർക്കാർ അനുവദിച്ച 21 ലക്ഷത്തിലധികം രൂപയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. നേരത്തേ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകൻ പിടിഎയുടെ അറിവില്ലാതെ ഈ പണം തിരിമറി നടത്തിയതായാണ് പരാതി.
ഈ അധ്യാപകൻ സ്ഥലംമാറി പോയതിനു ശേഷമാണ് ഇക്കാര്യം പിടിഎയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പിടിഎയുടെ നേതൃത്വത്തിൽ വിജിലൻസിനും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനും പരാതി നൽകുകയായിരുന്നു. വിവിധ സംഘടനകളും ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടുണ്ട്.
സാമ്പത്തിക തിരിമറി നടത്തിയ അധ്യാപകനിൽ നിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കാനും സ്കൂളിന് അനുവദിച്ച നൈപുണ്യ വികസന കോഴ്സുകൾ ഉൾപ്പെടെ സുഗമമായി നടത്തിക്കൊണ്ടു പോകാനും ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാനുമുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അംഗങ്ങൾക്ക് വീണ്ടും നിവേദനം നൽകി.
പരാതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് വൈകുന്നതിൽ പിടിഎ ഭാരവാഹികളും നാട്ടുകാരും പ്രതിഷേധമുയർത്തിയിട്ടുണ്ട്.