പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പൂവില്പനക്കാരനെ രക്ഷിച്ചു
1586726
Tuesday, August 26, 2025 1:56 AM IST
നീലേശ്വരം: നീലേശ്വരം പാലത്തിൽനിന്ന് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പൂവില്പനക്കാരനെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് പൂവില്പന നടത്തുന്ന പാലക്കാട് കുഴൽമന്ദം സ്വദേശി മണികണ്ഠനാണ് ഞായറാഴ്ച വൈകുന്നേരം പുഴയിൽ ചാടാനൊരുങ്ങിയത്. കൃത്യസമയത്ത് അതുവഴി വന്ന ഒരു യുവാവ് ഇയാൾ പാലത്തിൽനിന്ന് താഴെവീഴുന്നതിനു മുമ്പ് പിടിക്കുകയായിരുന്നു.
പാലത്തിന്റെ കൈവരിയിൽ പിടിച്ച് പുഴയിലേക്ക് തൂങ്ങിനിന്ന മണികണ്ഠനെ വലിച്ചുകയറ്റാൻ ഇയാൾക്ക് കഴിഞ്ഞില്ല. അതേസമയം പാലത്തിലൂടെ സ്കൂട്ടറിൽ വന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കെ.വി. പ്രമോദും മക്കളായ അബിതയും അനീഷയും ചേർന്നാണ് മണികണ്ഠനെ പാലത്തിനു മുകളിലേക്ക് വലിച്ചുകയറ്റിയത്. തൊട്ടുപിന്നാലെ ഇതുവഴി യാത്രചെയ്യുകയായിരുന്ന ഹൊസ്ദുർഗ് എസ്ഐ എം.ടി.പി. സെയ്ഫുദ്ദീനും സംഭവത്തിൽ ഇടപെട്ടു. ഇദ്ദേഹം നീലേശ്വരം പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മണികണ്ഠനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മണികണ്ഠൻ പോലീസിനോടു പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ശാരീരികമോ മാനസികമോ ആയ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.