ദുരന്തത്തിലേക്ക് ചാഞ്ഞ് കൂറ്റൻ മരം
1587275
Thursday, August 28, 2025 1:32 AM IST
കാക്കടവ്: വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാക്കടവ് പാലത്തിനടുത്ത് നിരവധി കച്ചവടസ്ഥാപനങ്ങൾക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി വൻ വാകമരം ചാഞ്ഞ് നിൽക്കുന്നു.
ഓട്ടോസ്റ്റാൻഡ്, ബസ് വെയ്റ്റിംഗ് ഷെഡ്, ഹോട്ടലുകൾ, കംപ്യൂട്ടർ സെന്റർ തുടങ്ങി ജനങ്ങൾ ദൈനം ദിനാവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ഒരു ചെറുപട്ടണമാണ് കാക്കടവ്.
ചീമേനി, നല്ലോമ്പുഴ മേഖലയിൽ നിന്നു വരുന്ന ത്രീ ഫെയ്സ് വൈദ്യുത ലൈനും ഈമരത്തിനിടയിൽ കൂടിയാണ് കടന്നുപോകുന്നത്.
ചീമേനി-ഓടക്കൊല്ലി പൊതുമരാമത്ത് റോഡ് കടന്ന് പോകുന്നിടമാണ് കാക്കടവ്. ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന വാകമരവും മുള്ളിലവും അടിയന്തരമായും മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പൊതുപ്രവർത്തകനായ കെ.പി. നാരായണൻ പൊതുമരത്ത് മന്ത്രിക്കും എം. രാജഗോപാലൻ എംഎൽഎക്കും നിവേദനം നൽകിയിട്ടുണ്ട്.