വീണുകിട്ടിയ അരലക്ഷത്തോളം രൂപ പ്രിൻസിപ്പലിനെ ഏൽപിച്ച് വിദ്യാർഥിനികൾ
1587769
Saturday, August 30, 2025 2:09 AM IST
പരപ്പ: വീണുകിട്ടിയ അരലക്ഷത്തോളം രൂപ പ്രിൻസിപ്പലിനെ ഏൽപിച്ച് മാതൃകയായി വിദ്യാർഥിനികൾ. പരപ്പ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനികളായ വിനയ കൃഷ്ണൻ, കെ. കൃഷ്ണജ എന്നിവരാണ് മാതൃകയായത്.
ഇന്നലെ സ്കൂളിൽ ഓണാഘോഷമായിരുന്നു. ഉച്ചയോടെ കടയിൽ സാധനം വാങ്ങാൻ പോയി മടങ്ങിവരവെയാണ് വില്ലേജ് ഓഫീസിന് സമീപത്തു നിന്നും 46,000 രൂപ അടങ്ങുന്ന ഒരു കെട്ട് നോട്ട് ഇവർക്ക് വീണുകിട്ടുന്നത്. ഉടൻതന്നെ ഇരുവരും തുക പ്രിൻസിപ്പൽ കെ.എസ്. സുരേഷിനെ ഏൽപിച്ചു.
പ്രിൻസിപ്പൽ തുക വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു. വൈകുന്നേരത്തോടെ ഉടമസ്ഥൻ സ്റ്റേഷനിലെത്തി പണം കൈപ്പറ്റി. വിനയയുടെ അയൽവാസിയായ യു.ബി. മുഹമ്മദ്കുഞ്ഞിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന കാര്യം അപ്പോഴാണ് അറിയുന്നത്. കൃഷ്ണജ സ്റ്റുഡന്റ് പോലീസിലെയും വിനയ എൻസിസിയിലെയും സൂപ്പർ സീനിയർ കാഡറ്റുകളാണ്.
ക്ലീനിപ്പാറയിലെ ബാലകൃഷ്ണൻ-ശ്രീജ ദമ്പതികളുടെ മകളാണ് കൃഷ്ണജ. പരപ്പ പട്ളത്തെ രാധാകൃഷ്ണൻ-ഭവാനി ദമ്പതികളുടെ മകളാണ് വിനയ.
ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നയുടനെ ഈ മിടുക്കികൾക്ക് അനുമോദനചടങ്ങൊരുക്കാൻ കാത്തിരിക്കുകയാണ് സ്കൂൾ അധികൃതർ.