തദ്ദേശ തെരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമായി
1586965
Wednesday, August 27, 2025 1:05 AM IST
കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന (എഫ്എല്‍സി ഫസ്റ്റ് ലെവല്‍ ചെക്കിംഗ്) പൂര്‍ത്തിയായി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ള 1,37,922 ബാലറ്റ് യൂണിറ്റുകളും 50,693 കണ്ട്രോള് യൂണിറ്റുകളും ആണ്. കാസര്‍ഗോഡ് ജില്ലയില്‍ 5928 ബാലറ്റ് യൂണിറ്റും 2087 കണ്ട്രോള് യൂണിറ്റും ആണുള്ളത്. അവയുടെ നിര്‍മാതാക്കളായ ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ജില്ലകളിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്.
ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിലെ 29 എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ആയിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്. 14 ജില്ലകളിലുമായി 21 കേന്ദ്രങ്ങളില്‍ വച്ചാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടത്തിയത്. ജൂലൈ 25ന് ആരംഭിച്ച പരിശോധന ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം കണ്‍സള്‍ട്ടന്റ് എല്‍. സൂര്യനാരായണന് ആണ് ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ഇവിഎം ട്രാക്ക് എന്ന സോഫ്റ്റ്വേറിന്റെ സഹായത്തോടെയാണ് ഇവിഎമ്മുകളുടെ വിന്യാസം നടത്തുന്നത്. അതാതു ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലാണ് ഇവ ഇപ്പോള്‍ സ്ട്രോംഗ്റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്.