പുല്ലൂർ മധുരക്കാട്ട് പുലിയെ കണ്ടതായി നാട്ടുകാർ
1587278
Thursday, August 28, 2025 1:32 AM IST
കാഞ്ഞങ്ങാട്: കേന്ദ്ര സർവകലാശാലയുടെ സമീപപ്രദേശങ്ങളിൽ വീണ്ടും പുലിഭീതി. പുല്ലൂർ മധുരക്കാട്ടെ കമുകിൻതോട്ടത്തിലാണ് ഇന്നലെ വൈകിട്ട് ഒരു സ്ത്രീ പുലിയെ കണ്ടതായി പറയുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കനത്ത മഴമൂലം അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. ഈ സ്ഥലത്തിനു സമീപം പെരളം ആനവാതുക്കൽ തറവാട്ടിലേക്കുള്ള വഴിയിലൂടെ പുലി നടന്നുനീങ്ങുന്നത് കഴിഞ്ഞദിവസം രാത്രി വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഇവിടെനിന്ന് രണ്ടു കിലോമീറ്റർ അകലെ വെള്ളിക്കോത്ത് കണ്ണികുളങ്ങരയിൽ കഴിഞ്ഞയാഴ്ച പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു.
ഈ പ്രദേശത്ത് രാത്രിയിൽ തെരുവുനായ്ക്കൾ അസാധാരണമായ വിധത്തിൽ കുരച്ചു ശബ്ദമുണ്ടാക്കിയതായും നാട്ടുകാർ പറയുന്നു. പുലിഭീതി പടർന്നതോടെ ആളുകൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയക്കുന്ന നിലയാണ്.