അപകടക്കെണിയായി മലയോരഹൈവേ
1587274
Thursday, August 28, 2025 1:32 AM IST
ചിറ്റാരിക്കാൽ: മലയോരഹൈവേയുടെ ഭാഗമായതോടെ റോഡുകൾ നന്നായതിനൊപ്പം വാഹനങ്ങളുടെ വേഗവും കൂടി. പക്ഷേ നേരത്തേയുണ്ടായിരുന്ന കയറ്റവും ഇറക്കവും വളവുമെല്ലാം ഒട്ടൊന്നു കുറച്ചതല്ലാതെ പൂർണമായും ഇല്ലാതായിട്ടില്ല. സംസ്ഥാനപാതാ നിലവാരത്തിലുള്ള റോഡുകളിൽ ഉണ്ടായിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളിൽ പലതും ഇനിയും സ്ഥാപിച്ചിട്ടുമില്ല. ഇതിന്റെ ഫലമായാണ് മലയോരഹൈവേയിലെ റോഡുകളിൽ പലതും വാഹനങ്ങൾക്ക് അപകടക്കെണിയായി മാറുന്നത്.
ചിറ്റാരിക്കാൽ നയാര പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തിനു തൊട്ടുമുമ്പ് സാമാന്യം വലിയൊരു ഇറക്കമാണ്. സ്വാഭാവികമായും വാഹനങ്ങൾക്ക് വേഗംകൂടും. പെട്ടെന്ന് തൊട്ടുമുന്നിൽ പെട്രോൾ പമ്പിലേക്ക് തിരിയുന്ന ട്രാവലർ വാഹനം കണ്ടപ്പോൾ ബൈക്ക് നിർത്താനോ വെട്ടിക്കാനോ കഴിയാതെ നേരെ ചെന്നിടിച്ചത് അങ്ങനെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഇവിടെ ഇറക്കത്തിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായി ഉള്ളതാണ്.
ഈ അപകടം സംഭവിച്ച് മിനിറ്റുകൾക്കകം ഇവിടെനിന്ന് കഷ്ടിച്ച് 100 മീറ്റർ അകലെ കാർ ബൈക്കിലിടിച്ച് മറ്റൊരപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ പാവൽ ചിത്രാടിയിലെ വള്ളിയാംതടത്തിൽ ജോർജ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അല്പം കൂടി മുന്നോട്ടുപോയാൽ കുടുംബാരോഗ്യകേന്ദ്രത്തിനു സമീപമുള്ള ഭാഗത്തും അപകടങ്ങൾ പെരുകുകയാണ്. മലയോരഹൈവേയിലൂടെ സാമാന്യം വേഗതയിലെത്തുന്ന വാഹനങ്ങളിലുള്ളവർക്ക് സമീപ റോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങളെ തൊട്ടടുത്തെത്തിയാൽ മാത്രമേ കാണാനാവൂ എന്നത് പലയിടങ്ങളിലും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
മാലോം ഭാഗത്തുനിന്ന് ചിറ്റാരിക്കാലിൽ എത്തുന്നതിനുമുമ്പ് കാറ്റാംകവലയും മറ്റപ്പള്ളി വളവും പതിവ് അപകടമേഖലകളായി മാറിക്കഴിഞ്ഞു. മറ്റപ്പള്ളി വളവിനു സമീപം നിയന്ത്രണം വിട്ടുമറിഞ്ഞ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് മൂന്നുവയസുകാരി മരിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്.
അപകടമേഖലകളിൽ മലയോര ഹൈവേയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.