നാടിന്റെ വിങ്ങലായി ആൽബർട്ടിന്റെ വിയോഗം
1587160
Wednesday, August 27, 2025 10:06 PM IST
ചിറ്റാരിക്കാൽ: കുടുംബനാഥന്റ അകാല വിയോഗത്തിന് ഒരു വർഷം തികയും മുന്പേ ആ കുടുംബത്തിനു തണലാകേണ്ടിയിരുന്ന മകനും നഷ്ടമായതിന്റെ തേങ്ങലിൽ വീട്ടുകാരും നാട്ടുകാരും.
കഴിഞ്ഞ ദിവസമാണ് മംഗളൂരുവിൽ ബിരുദവിദ്യാർഥിയായിരുന്ന ആൽബർട്ടിനെ അപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തത്.
അച്ഛൻ കാരമലയിലെ കണ്ടത്തിൽ ജോയ്സിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതായിരുന്നു ആൽബർട്ട് . കഴിഞ്ഞവർഷം ഓഗസ്റ്റ് 30നു കാറ്റാംകവലയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മരത്തിൽ കയറി കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ കാൽതെറ്റി വീണാണ് ജോയ്സ് മരിച്ചത്.
ഇരുപത്തഞ്ചിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അമ്മ ബിബിയെ വൈകുന്നേരം അഞ്ചരയോടെ ജോലികഴിഞ്ഞ് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് ആൽബർട്ട് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വരികയായിരുന്ന ബൈക്ക് പെട്രോൾ പമ്പിലേക്ക് തിരിയുകയായിരുന്ന ട്രാവലറിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ ഉടൻതന്നെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ അച്ഛന്റെ കല്ലറയ്ക്കു സമീപത്തതന്നെ ആൽബർട്ടിനേയും സംസ്കരിച്ചു. ഏക സഹോദരി ആൻഡ്രിയ തോമാപുരം സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്.