മറന്നോ റാണിപുരം റിസോർട്ടിനെ ?
1587764
Saturday, August 30, 2025 2:08 AM IST
റാണിപുരം: ജില്ലയിൽ മറ്റെവിടെയും കാണാൻ കഴിയാത്ത പ്രകൃതിഭംഗിയും തണുപ്പുള്ള കാലാവസ്ഥയുമൊക്കെ കൊണ്ട് അനുഗൃഹീതമായ റാണിപുരത്തേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് നാൾക്കുനാൾ വർധിച്ചുവരികയാണ്. എന്നാൽ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കു യാതൊരു താൽപര്യവുമില്ല. അറ്റകുറ്റപണിയുടെ പേരിൽ അടച്ചിട്ട റാണിപുരത്തെ സർക്കാർ റിസോർട്ട് ഇനിയും തുറന്നില്ല. രണ്ടുവർഷം മുമ്പ് തുടങ്ങിയ അറ്റകുറ്റ പണികളാണ് ഇനിയും എങ്ങും എത്താതെ തുടരുന്നത്.
ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും അധികൃതർ തയാറാവാത്തത് സഞ്ചാരികളെ വളരെ ബുദ്ധിമുട്ടിലാക്കുന്നു. പഴയ കരാർ കഴിഞ്ഞ് പുതിയതായി വന്ന കരാറുകാർ പ്രതിവർഷം 20, 00,150 രൂപയ്ക്ക് ലീസിന് എടുത്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റിസോർട്ട് തുറക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി ഇവിടെ യാതൊരുതരത്തിലുമുള്ള നിർമാണപ്രവർത്തനങ്ങളും നടക്കുന്നില്ല.
ഇവിടെയുള്ള ക്വാർട്ടേഴ്സും അനുബന്ധ സ്ഥാപനങ്ങളും മറ്റും രണ്ടുകോടി രൂപ മുടക്കി നവീകരിച്ചിട്ടും സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാത്തതിൽ വലിയ പ്രതിഷേധമാണ് ജനങ്ങൾക്ക് ഉള്ളത്. സർക്കാർ റിസോർട്ട് ഇല്ലാത്തത് റാണിപുരത്ത് താമസിക്കുന്നതിൽ നിന്നും വിനോദസഞ്ചാരികളെ പിന്നോട്ടുവലിക്കുകയാണ്.
2021നു ഫെബ്രുവരി 20ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് റാണിപുരം റിസോർട്ടിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രവൃത്തികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. പദ്ധതിയിലുള്ള ചിൽഡ്രൻസ് പാർക്ക്, ആയുർവേദ സ്പാ എന്നിവയുടെ നിർമാണം എങ്ങുമെത്തിയില്ല. ഇതോടൊപ്പം നടന്ന സ്വിമ്മിംഗ് പൂളിന്റെ പണി പൂർത്തിയായെങ്കിലും വെള്ളം സജ്ജീകരിക്കാനുള്ള നടപടിയായില്ല.
ഓപ്പൺ തിയേറ്റർ നിർമാണം കഴിഞ്ഞെങ്കിലും മിക്ക സമയത്തും നല്ല മഴ ലഭിക്കുന്ന പ്രദേശമായതിനാൽ ഇതു തുറന്നു പ്രവർത്തിക്കാനുള്ള സമയവും സാഹചര്യം വളരെ കുറവാണ്. നിർമിതികേന്ദ്രം അഞ്ചുവർഷം മുമ്പ് തുടങ്ങിയ ചിൽഡ്രൻസ് പാർക്കിന്റെ ഉൾപ്പെടെയുള്ള നിർമാണം മണ്ണുനീക്കൽ പ്രവൃത്തി മാത്രം നടത്തി പാതിഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റു ചില ഏജൻസികളെ പണി ഏൽപ്പിച്ചെങ്കിലും അവരും പണി അതേപടി നിർത്തി പോകുന്ന സാഹചര്യം ഉണ്ടായത്. ക്വാർട്ടേഴ്സിന്റെ നവീകരണത്തിന് കോടികൾ ചെലവഴിച്ചിട്ടും ചോർച്ച പോലും നന്നാക്കാതെ പഴയ പോലെ തന്നെ നിൽക്കുന്നു.
കരാർ പ്രകാരം നടക്കേണ്ട പ്രവർത്തികൾ ഒന്നും നടന്നില്ലെന്ന ആക്ഷേപവും വലിയ തോതിൽ വരുന്നുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണത്തിനായി റസ്റ്റോറന്റോ ലഘു ഭക്ഷണശാലകളോ ഇല്ല. മാത്രമല്ല ഡിറ്റിപിസി റിസോർട്ടിൽ നല്ല രീതിയിലുള്ള അടുക്കള പോലും ഇല്ലാത്ത സാഹചര്യമാണുള്ളത്. മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വളരെ പ്രയാസപ്പെടുത്തുന്നു.
പലവിധ പരാതികളുടെയും നിവേദനങ്ങളുടെയും ഒടുവിൽ ബിഎസ്എൻഎൽ ഒരു ടവർ എങ്കിലും അത് ഇന്നും പ്രവർത്തനരഹിതമായി തന്നെ കിടക്കുകയാണ്. നിലവിൽ റിസോർട്ടിന്റെ പരിസരമാകെ കാടുപിടിച്ച് അലങ്കോലമായി കിടക്കുകയാണ്. നേരത്തെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അടക്കമുള്ള ലൈറ്റുകൾ തകരാറിലായിട്ട് കാലങ്ങളായി. മഴ കഴിയുന്നതോടെ സഞ്ചാരികളുടെ വരവ് കൂടുന്ന സാഹചര്യമാണ് ഉള്ളത്.
അതിനാൽ ഇത് പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാനായുള്ള പദ്ധതികൾ ആവിഷ്കരക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.