ഓണാഘോഷങ്ങൾ
1587545
Friday, August 29, 2025 2:01 AM IST
കാഞ്ഞങ്ങാട്: ജലവിഭവ വകുപ്പിനു കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെയും വിരമിച്ചവരെയും നേരത്തേ ജില്ലയിൽ ജോലി ചെയ്തവരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്നേഹസംഗമവും ഓണാഘോഷവും നടത്തി.
കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ലാലി ജോർജ് ഉദ്ഘാടനം ചെയ്തു. ഉൾനാടൻ ജലഗതാഗത വകുപ്പ് എൻജിനീയർ എ.പി. സുധാകരൻ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി. സഞ്ജീവ് മുഖ്യാതിഥിയായി. എ. അനൂപ്, അർജുനൻ, കെ. പ്രസാദ്, സുരേഷ് പൂച്ചക്കാടൻ, ദീപേഷ് മണിയറ, പി. രത്നാകരൻ, റോണി ഗോൺസാൽവസ്, ജയരാമൻ, പദ്മനാദൻ, തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ, ഗാനമേള, ഓണക്കളികൾ, കമ്പവലി എന്നിവയും നടന്നു.
പനത്തടി: പനത്തടി മാതൃകാ ശിശു പുനരധിവാസകേന്ദ്ര (എംസിആർസി) ത്തിൽ ഓണം മൂഡ് 2കെ25 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ രാധ സുകുമാരൻ, മഞ്ജുഷ, കെ.എസ്. പ്രീതി, സി.ആർ. ബിജു, ബി. സജിനിമോൾ, എൻ. വിൻസെന്റ്, കെ.കെ. വേണുഗോപാൽ, കെഎസ്എസ്എം കോഴിക്കോട് റീജിയണൽ ഓഫീസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ, പ്രിൻസിപ്പൽ വി.വി. അജേഷ് കുമാർ, അധ്യാപകൻ എം.പി. അഖിൽ, എംസിആർസി മാനേജ്മെന്റ് കമ്മിറ്റി അംഗം രഘുനാഥ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.വി. കൃഷ്ണൻ, എം.സി. മാധവൻ, വേണു, അഖിൽ, സുധീർ ശർമ എന്നിവർ സംബന്ധിച്ചു.
കരിക്കെ യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. വിവിധ കലാപരിപാടികളും ഓണക്കളികളും നടന്നു.
രാജപുരം: പൂടംകല്ല് ചാച്ചാജി എംസിആർസിയിലെ ഓണാഘോഷ പരിപാടികൾ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത, പ്രിൻസിപ്പൽ ഡാലിയ മാത്യു, പിടിഎ പ്രസിഡന്റ് രാജൻ, അധ്യാപിക ടി. ലീല എന്നിവർ പ്രസംഗിച്ചു.
കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും മത്സരക്കളികളിലും ആഘോഷങ്ങളിലും പങ്കാളികളായി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.