കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് ഈയാഴ്ച തുറന്നേക്കും
1586724
Tuesday, August 26, 2025 1:56 AM IST
കാഞ്ഞങ്ങാട്: ഓണത്തിരക്കേറുന്നതിനു മുമ്പുതന്നെ കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. സമാന്തരപാതകളെല്ലാം നവീകരണത്തിന്റെ പേരിൽ അടച്ചതോടെ പഴയ ബസ്സ്റ്റാൻഡിനു മുന്നിലൂടെയുള്ള റോഡിൽ കുരുക്കൊഴിഞ്ഞ നേരമില്ലാതായി.
ആളുകളെ ഇറക്കാനും കയറ്റാനുമായി നിർത്തിയിടുന്ന ബസുകളും അതിനിടയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാനുള്ള യാത്രക്കാരുടെ നീണ്ട നിരയുമെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്.
അറ്റകുറ്റപ്പണികളുടെ പേരിൽ ആറുമാസം മുമ്പ് അടച്ചിട്ട പഴയ ബസ്സ്റ്റാൻഡ് ഓണത്തിനു മുമ്പ് തുറക്കാൻ പരമാവധി ശ്രമിക്കുകയാണെന്ന് നഗരസഭാധ്യക്ഷ കെ.വി. സുജാത പറഞ്ഞു. സെപ്റ്റംബർ ആറാണ് ബസ് സ്റ്റാൻഡ് തുറക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി. ബസ്സ്റ്റാൻഡ് യാർഡിന്റെയും സമീപ റോഡിന്റെയും കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായിട്ടുണ്ട്. കോൺക്രീറ്റ് പൂർണമായും ഉറച്ചുകിട്ടാനുള്ള കാത്തിരിപ്പും അവസാനഘട്ട മിനുക്കുപണികളും മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
മൂന്നു ദിവസത്തിനുള്ളിൽ സമീപ റോഡ് തുറന്നുനല്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ബസ്സ്റ്റാൻഡും മിക്കവാറും അതോടൊപ്പമോ അടുത്ത ദിവസങ്ങളിലോ തുറന്നേക്കും. അടുത്തയാഴ്ച നഗരത്തിൽ ഓണത്തിരക്ക് നിയന്ത്രണാതീതമാകുന്നതിനു മുമ്പ് പഴയ ബസ്സ്റ്റാൻഡ് തുറക്കാനാണ് സാധ്യത.
ബസ്സ്റ്റാൻഡ് അടച്ചിട്ടതിനു പിന്നാലെ സമീപ റോഡ് കൂടി അടച്ചതോടെ കഴിഞ്ഞദിവസം വ്യാപാരികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സമീപ റോഡ് രണ്ടാഴ്ചത്തേക്ക് അടക്കാനുള്ള തീരുമാനം മാറ്റി മൂന്നുദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
ഈ റോഡ് തുറക്കുന്നതോടെ ചെറുവാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിൽ നിന്നൊഴിഞ്ഞ് കുന്നുമ്മൽ ഭാഗത്തേക്കും തിരിച്ചും പോകാൻ കഴിയും. എന്നാൽ, ഇതുവഴി പുതിയകോട്ട ഭാഗത്തേക്ക് പോകാനുള്ള ശ്രീകൃഷ്ണമന്ദിർ റോഡ് നവീകരണ ജോലികൾക്കായി പൂർണമായും ഇളക്കിമറിച്ചിട്ട നിലയിലാണ്. ഇപ്പോഴത്തെ നിലയിലാണെങ്കിൽ ഓണം കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പുകാലം വരുമ്പോഴും ഈ റോഡിന്റെ പണി പൂർത്തിയാകുമോ എന്ന് സംശയമാണ്.
അറ്റകുറ്റപ്പണികളുടെ പേരിൽ പഴയ ബസ്സ്റ്റാൻഡ് അടയ്ക്കുന്നതോടെ നഗരകേന്ദ്രം പൂർണമായും ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാമെന്ന നഗരസഭയുടെ കണക്കുകൂട്ടലം ഇതിനിടയിൽ വെറുതെയായി. ഇപ്പോൾ പഴയ ബസ്സ്റ്റാൻഡ് പരിസരം ഗതാഗതക്കുരുക്കിലമരുമ്പോഴും പുതിയ സ്റ്റാൻഡിൽ ബസുകൾ നാമമാത്രമായി കയറിയിറങ്ങുക മാത്രമാണ് ചെയ്യുന്നത്.