അടച്ചിട്ട് രണ്ടരമാസം; അരയിപ്പാലം റോഡിലും പ്രവൃത്തികൾ ഇഴയുന്നു
1587538
Friday, August 29, 2025 2:01 AM IST
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ പ്രധാന റോഡുകൾക്കും ബസ് സ്റ്റാൻഡിനും പിന്നാലെ നവീകരണത്തിന്റെ പേരിൽ അടച്ചിട്ട അരയിപ്പാലം റോഡിലും പ്രവൃത്തികൾ ഇഴയുന്നു. നഗരസഭയുടെ കിഴക്കേയറ്റത്ത് അരയിപ്പാലം വഴി ഗുരുവനം ഭാഗത്തേക്ക് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡ് രണ്ടരമാസം മുമ്പാണ് അടച്ചിട്ട് പ്രവൃത്തികൾ തുടങ്ങിയത്.
പാലം കഴിഞ്ഞാലുടൻ വരുന്ന കയറ്റവും വളവും കുറയ്ക്കുകയായിരുന്നു ലക്ഷ്യം. 90 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. പക്ഷേ നാളിതുവരെയായിട്ടും റോഡ് ഇടിച്ചുതാഴ്ത്തിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിട്ടില്ല.
ഇടിച്ചുതാഴ്ത്തിയ ഭാഗത്തെ വൈദ്യുതിത്തൂണുകൾ മാറ്റാൻ കെഎസ്ഇബി അധികൃതർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
റോഡ് അടച്ചതോടെ നഗരസഭയിലെ അരയി, കാർത്തിക, ഗുരുവനം ഭാഗങ്ങളിലുള്ളവർക്ക് നഗരത്തിലെത്തണമെങ്കിൽ 15 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയായി. ഗുരുവനത്തുള്ള ആർടിഒ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും കേന്ദ്രീയ വിദ്യാലയത്തിലേക്കും പോകാനുള്ളവരും ചുറ്റിത്തിരിഞ്ഞു പോകേണ്ട നിലയാണ്.
റോഡ് അടച്ചിട്ടപ്പോൾ താത്കാലികമായി ഒരു സമാന്തര റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും അധികം വീതിയില്ലാത്തതിനാൽ ചെറിയ വാഹനങ്ങൾക്കു മാത്രമേ ഇതുവഴി പോകാനാവൂ. മഴ പെയ്യുമ്പോൾ ഈ റോഡ് ചെളിക്കുളമാവുകയും ചെയ്യുന്നു. പ്രവൃത്തികൾ ഇനി എന്നേക്ക് തീരുമെന്ന കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അധികൃതർക്കും കൃത്യമായ ഉത്തരമില്ല.