വാഷിംഗ് മെഷീനില്‍നിന്നു വീടിനു തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
1587544
Friday, August 29, 2025 2:01 AM IST
കാസര്‍ഗോഡ്: ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഷിംഗ് മെഷീനില്‍നിന്നു തീപടര്‍ന്ന് വന്‍ നാശനഷ്ടം. കോളിയടുക്കം കക്കണ്ടം ബേനൂര്‍ റോഡിലെ അബ്ദുള്‍ വാജിദിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കു 12ഓടെയാണ് സംഭവം. വാജിദിന്റെ ഭാര്യ ശബാന വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കാന്‍ ഇട്ടതിനുശേഷം താഴത്തെ നിലയില്‍ അടുക്കളയില്‍ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്താണ് പ്ലാസ്റ്റിക് കത്തിയ മണം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മെഷീന് വയറുകളില്‍ തീപിടിച്ച വിവരം അറിയുന്നത്. തീ വളരെ ശക്തിയോടെ കൂടി കത്താന്‍ തുടങ്ങിയതിനാല്‍ പരിഭ്രാന്തരായി .ഉടനെ തന്നെ ബെള്ളൂര്‍ പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വാജിദ് കാസര്‍ഗോഡ് അഗ്നിരക്ഷാ സേനയെ വിളിച്ച് വിവരം അറിയിക്കുകയും സ്റ്റേഷന് ഓഫീസര്‍ കെ. ഹര്‍ഷയുടെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെയും നേതൃത്വത്തില്‍ സേനയെത്തി.
വീടിനകത്ത് പുക നിറഞ്ഞതിനാല്‍ കയറാന്‍ ഏറെ സമയമെടുത്തു സേനാംഗങ്ങള്‍ ഓക്സിജന്‍ സിലിണ്ടര്‍ ധരിച്ചും മുകളിലത്തെ വാതിലുകള്‍ പുറത്തുനിന്നും ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയുമാണ് അകത്ത് പ്രവേശിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലെ അഞ്ചോളം ജനല്‍ചില്ലുകള്‍ തീയുടെ ചൂടില്‍ പൊട്ടിത്തെറിക്കുകയും ചുമരുകളുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഒരു മണിക്കൂര്‍ ശ്രമഫലമായാണ് തീയണക്കാന്‍ കഴിഞ്ഞത്. വാഷിംഗ് മെഷീന്, ലാപ്ടോപ്പ്, ഫാന്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തി നശിച്ചു.
വാഹനം വീട്ടിലേക്ക് എത്താന്‍ പറ്റാത്തതിനാല്‍ 75 മീറ്റര്‍ നീളത്തില്‍ സേനയ്ക്ക് ഹോസ് പൈപ്പ് ഇടേണ്ടി വന്നു. സാധനങ്ങള്‍ കത്തിയ വകയില്‍ രണ്ടു ലക്ഷം രൂപ നഷ്ടം വന്നതായി വീട്ടുടമ പറഞ്ഞു.