ഡിജിറ്റൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് കാടുകയറി നശിക്കുന്നു
1586962
Wednesday, August 27, 2025 1:04 AM IST
ബദിയഡുക്ക: ഗതാഗതവകുപ്പ് കോടികൾ ചെലവഴിച്ച് നിർമിച്ച ബേള കുമാരമംഗലത്തെ ആധുനിക ഡിജിറ്റൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് കാടുകയറി നശിക്കുന്നു. നാലു കോടിയിലേറെ രൂപ ചെലവഴിച്ചാണ് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനും കംപ്യൂട്ടര്വത്കൃത വാഹനപരിശോധനാകേന്ദ്രവും നിർമിച്ചത്. 2020 ഫെബ്രുവരിയിൽ അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്രം പൂർണമായും പ്രവർത്തനസജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട് ജർമനിയിൽ നിന്നുള്ള വിദഗ്ധരെത്തി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ജർമനിയിൽ നിന്നുള്ള വിദഗ്ധസംഘത്തിന് വരാൻ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പല കാരണങ്ങൾ മാറിമാറി വന്നു. ജർമൻ കമ്പനിയുമായി നേരിട്ട് ബന്ധമില്ലാതെ ചില ഏജൻസികൾ നടത്തിയ നിർമാണമാണെന്ന ആക്ഷേപവും ഇടയ്ക്ക് ഉയർന്നുകേട്ടു.
നിർമാണ ചുമതല വഹിച്ച കിറ്റ്കോ ഇത് പൂർണമായും പ്രവർത്തനസജ്ജമാക്കി മോട്ടോർവാഹന വകുപ്പിന് കൈമാറുകപോലും ചെയ്യുന്നതിനു മുമ്പാണ് മന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിയത്.
ഈ കേന്ദ്രം പ്രവർത്തനസജ്ജമാക്കുന്നതോടെ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ കാമറ സംവിധാനം മാത്രം ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ കഴിയുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ അവകാശവാദം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള ഡിജിറ്റൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ സ്ഥാപിക്കുമെന്നും ഡ്രൈവിംഗ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് കാലങ്ങളായി പറഞ്ഞുകേൾക്കുന്ന ക്രമക്കേടുകളും അഴിമതിയും ഇതോടെ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നും ഉദ്ഘാടനവേളയിൽ മന്ത്രി തന്നെ പറഞ്ഞിരുന്നു. പക്ഷേ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രണ്ടുവർഷങ്ങൾക്കുമുമ്പ് ഇവിടെ വിജിലൻസ് പരിശോധന നടത്തിയിരുന്നു. അങ്ങനെ മോട്ടോർവാഹന വകുപ്പിലെ അഴിമതി ഇല്ലാതാക്കാനായി നിർമിച്ച സംവിധാനം തന്നെ അഴിമതിക്കേസിലും പെട്ടു.
ഇവിടുത്തെ ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികളും നിരീക്ഷണ കാമറകളും ലൈറ്റും ജനറേറ്ററുമെല്ലാം ഇപ്പോൾ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. ടാറിംഗ് ഇല്ലാത്ത ഇടങ്ങളിലെല്ലാം കാടും പടർപ്പുകളും വളർന്നുമൂടി. നോക്കുകുത്തിയായി മാറിയ കെട്ടിടവും ഗ്രൗണ്ടും ഇപ്പോൾ കന്നുകാലികളുടെ വിഹാരകേന്ദ്രമായി.
ഇനി എന്നെങ്കിലും ജർമനിയിൽ നിന്നുള്ള വിദഗ്ധർ ഇവിടം തേടിപ്പിടിച്ച് വരുമെന്നും പരിശീലനം നൽകുമെന്നുമുള്ള പ്രതീക്ഷ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കുപോലും ഇല്ലാതായി. ഇനി ഈ കേന്ദ്രം പ്രവർത്തനസജ്ജമാക്കാമെന്നു വച്ചാലും തുരുമ്പെടുത്ത് നശിച്ച യന്ത്രസാമഗ്രികളുടെയും കാമറകളുടെയും അറ്റകുറ്റപ്പണികൾക്കുതന്നെ വീണ്ടും ലക്ഷങ്ങൾ വേണ്ടിവരുമെന്ന നിലയാണ്.