സുൽത്താൻ ബത്തേരിയിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് തുടങ്ങി
1587283
Thursday, August 28, 2025 1:32 AM IST
ഭീമനടി: മലയോര യാത്രകളുടെ ദൂരവും സമയവും കുറച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് തുടങ്ങി.
വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാൽ, ചെറുപുഴ, ആലക്കോട്, പയ്യാവൂർ, ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി,പനമരം, കേണിച്ചിറ, ബത്തേരി ടൗണുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ്.
രാവിലെ 7.20 ന് സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് 8.45 ന് മാനന്തവാടിയിലും 10.35 ന് ഇരിട്ടിയിലും എത്തും. അവിടെ നിന്ന് 11 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35 ന് ആലക്കോടും 1.05 ന് ചെറുപുഴയും പിന്നിട്ട് 1.50 ന് വെള്ളരിക്കുണ്ടിൽ എത്തിച്ചേരും.
തിരിച്ച് വെള്ളരിക്കുണ്ടിൽ നിന്ന് 2.45 ന് പുറപ്പെട്ട് 3.50 ന് ചെറുപുഴയിലും 4.20 ന് ആലക്കോടും വൈകിട്ട് 5.45 ന് ഇരിട്ടിയിലും എത്തും. അവിടെ നിന്ന് ആറുമണിക്ക് പുറപ്പെട്ട് 7.40 ന് മാനന്തവാടിയിലും 8.55 ന് സുൽത്താൻ ബത്തേരിയിലും എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
പുതിയ ബസിന് ഭീമനടിയിൽ വച്ച് നൽകിയ സ്വീകരണപരിപാടിയിൽ വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിലും പഞ്ചായത്ത് അംഗം ടി.വി. ജയിംസും ബസ് ജീവനക്കാരെ ഷാൾ അണിയിച്ചു.
പാസഞ്ചേർസ് അസോസിയേഷൻ കൺവീനർ എം.വി. രാജു, എൻ. വിജയൻ എന്നിവർ നേതൃത്വം നൽകി.