അമീബിക് മസ്തിഷ്കജ്വരം: ഇന്നും നാളെയും ജില്ലയില്‍ ക്ലോറിനേഷന് കാമ്പയിന്
1587767
Saturday, August 30, 2025 2:09 AM IST
കാസര്‍ഗോഡ്: വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്ക്കജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മുഴുവന്‍ കിണറുകളിലും ഊര്‍ജ്ജിത ക്ലോറിനേഷന് നടത്തുന്നു. കാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും യോഗങ്ങള്‍ ചേര്‍ന്നു.
വാര്‍ഡുതലത്തിലും മേഖലാതലത്തിലും ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ ആരോഗ്യ വളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന് അംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനം നല്കി.
ഓരോ കിണറിലും ഉള്ള വെള്ളത്തിന്റെ അളവ് കണ്ടെത്തി ആയിരം ലിറ്ററിന് 2.5 ഗ്രാം എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ കുഴമ്പു രൂപത്തിലാക്കി വെള്ളത്തില്‍ ലയിപ്പിച്ച് നേര്‍പ്പിച്ച് തെളിഞ്ഞ വെള്ളം ബക്കറ്റുകളിലാക്കി കിണറുകളില്‍ താഴ്ത്തി ലയിപ്പിച്ചാണ് ക്ലോറിനേഷന് നടത്തുന്നത്. അതുവഴി കിണറുകള്‍ ശുചിയാവുകയും മസ്തിഷ്ക്കഭോജി അമീബയ്ക്ക് ലഭിക്കുന്ന ബാക്ടീരിയകള്‍ നശിക്കുകയും ചെയ്യും.
ക്ലോറിനേറ്റ് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ശുദ്ധജലം ഉപയോഗിക്കുവാന്‍ കഴിയും. രോഗം പിടിപ്പെട്ടാല്‍ ഗുരുതരമാകുന്നതിനാല്‍ പ്രതിരോധവും, ശുദ്ധജല സാധ്യത വര്‍ധിപ്പിക്കുന്നതുമാണ് പ്രതിവിധിയെന്ന തിരിച്ചറിവിലാണ് ജലമാണ് ജീവന് കാമ്പയിന് നടത്തുന്നത്.
തുടര്‍ന്ന് എല്ലാ വാട്ടര്‍ടാങ്കുകളും ശുചിയാക്കുന്നതിന് നടപടി സ്വീകരിക്കണം. കാമ്പയിനിന്റെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സെപ്റ്റംബര്‍ മാസത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വാര്‍ഡുതല ശുചിത്വ ആരോഗ്യസമിതികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതിരോധിക്കുന്നതിന് റസിഡന്‍ഷ്യല്‍
അസോസിയേഷന് കൂട്ടായ്മ
ജലത്തിലൂടെ പകരുന്ന മസ്തിഷ്ക്കഭോജി അമീബയുടെ വ്യാപനത്തെ ചെറുക്കുന്നതിന് ജനകീയമായി കാമ്പയിന് സംഘടിപ്പിക്കാന്‍ ഫെഡറേഷന് ഓഫ് റസിഡന്‍ഷ്യല്‍ അസോസിയേഷന് കാസര്‍ഗോഡ് (ഫ്രാക്) നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പ്രാരംഭഘട്ടമെന്ന നിലയില്‍ ജലമാണ് ജീവന് കാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ബോധവത്കരണ പരിപാടികളും കിണറുകളില്‍ ക്ലോറിനേഷനും നടത്തും. ആശാപ്രവര്ത്തക്, കുടുംബശ്രീ ആരോഗ്യ വളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ കാമ്പയിന് നടത്തും.
അതോടൊപ്പം പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്യും. മുഴുവന്‍ വാട്ടര്‍ടാങ്കുകളും ശുചിയാക്കാന്‍ എല്ലാവരും തയ്യാറാക്കണമെന്നും തീരുമാനിച്ചു. മഴ മാറിക്കഴിഞ്ഞാല്‍ ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനും നേതൃത്വം നല്‍കും.
ഫ്രാകിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വൈസ്പ്രസിഡന്റ് ഷീല ജയിംസ് അധ്യക്ഷതവഹിച്ചു.