മലവേട്ടുവ മഹാസഭ വിജയോത്സവം നാളെ
1586964
Wednesday, August 27, 2025 1:05 AM IST
രാജപുരം: മലവേട്ടുവ മഹാസഭ വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജന്മദിനമായ നാളെ വിജയോത്സവം-2025 സംഘടിപ്പിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 100 കുട്ടികളെയും കലാകായിക രംഗത്ത് മികവ് തെളിയിച്ച ആറു പേരെയും പിഎസ്സി മുഖേന ജോലിയില്‍ പ്രവേശിച്ച ഏഴു പേരെയും എല്‍എസ്എസ്, യുഎസ്എസ് നേടിയവരെയും ആദരിക്കും. ചുളളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. 10ന് അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുന്പില് പുഷ്പാര്‍ച്ചനയോടെ പരിപാടിക്ക് തുടക്കം കുറിക്കും.
സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും. വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും. കവി പ്രകാശ് ചെന്തളം വിശിഷ്ടാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ ജനറല്‍ സെക്രട്ടറി എം. ശങ്കരന് മുണ്ടമാണി, വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന്, സംഘാടകസമിതി ചെയര്മാന് പി. നാരായണന്, കണ്‍വീനര്‍ സി.വി. ശിവദാസൻ, സി.പി. ഗോപാലന്, മധു പുങ്ങംചാല്‍, പരപ്പ മേഖല വൈസ് പ്രസിഡന്റ് ചന്ദ്രന് പുഞ്ച എന്നിവര്‍ പങ്കെടുത്തു.