പശുവിനെ വാങ്ങിയപ്പോള്‍ കിട്ടിയത് മുട്ടന്‍പണി; ഒടുവില്‍ കോടതി വഴി ബെന്നിക്ക് നീതി
1573023
Saturday, July 5, 2025 1:02 AM IST
ഷൈബിന് ജോസഫ്
കാസര്‍ഗോഡ്: ഒരു പശുവിനെ വാങ്ങിയത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് ബദിയഡുക്ക ബേളയിലെ ബെന്നി കണ്ണംപള്ളി എന്ന കെ.എ. മത്തായി (51) സ്വപ്നത്തില്‍ പോലും കരുതിയില്ല. തന്നെ വഞ്ചിച്ചതിനും ദ്രോഹിച്ചതിനുമെതിരെ പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങി മൂന്നുവര്‍ഷം നീണ്ടുനിന്ന ഒറ്റയാള്‍ പോരാട്ടത്തിനൊടുവിലാണ് ഈ കര്‍ഷകനെ തേടി നീതിയെത്തുന്നത്.
16 ലിറ്റര്‍ പാല് ഗാരണ്ടി
2022ലാണ് സംഭവം. തന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് മുജംഗാവിലെ കെ.എസ്. ഗണേഷ് റാവുവിന്റെ വീട്ടില്‍ പശുവിനെ വാങ്ങാനെത്തുന്നത്. സഹിവാള്‍ ഇനത്തില്‍പെട്ട നല്ല വലുപ്പമുള്ള പശുവായിരുന്നു ഇത്. ഗര്‍ഭിണിയായ പശു ഒരാഴ്ചയക്കുള്ളില്‍ പ്രസവിക്കുമെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്.
ആദ്യ പ്രസവത്തില്‍ ദിവസവും 16 ലിറ്റര്‍ പാല് കിട്ടിയിരുന്നതായും ഇത്തവണ 18 ലിറ്റര്‍ കിട്ടുമെന്നും 16 ലിറ്ററില്‍ കുറഞ്ഞാല്‍ പശുവിനെ തങ്ങള്‍ തന്നെ തിരിച്ചെടുത്തേക്കാമെന്നും ഗണേഷ് റാവു പറഞ്ഞു. എന്നാല്‍ 14 ലിറ്റര്‍ പാല് കിട്ടിയാല്‍ താന്‍ തൃപ്തനാണെന്ന് ബെന്നി മറുപടി നല്കി. 36,500 രൂപയാണ് വില പറഞ്ഞത്. പണം സംഘടിപ്പിക്കുന്നതില്‍ താമസം വന്നതിനാല്‍ പശുവിനെ വാങ്ങല്‍ അല്പം വൈകിയപ്പോള്‍ ഗണേഷ് റാവുവിന്റെ ഭാര്യ പലതവണ ബെന്നിയെ വിളിച്ചു.
മംഗളൂരുവില്‍ പഠിക്കുന്ന മകള്‍ക്ക് ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ അത്യാവശ്യമായി 20,000 രൂപ വേണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലില്‍നിന്നും പുറത്താക്കുമെന്നും ബാക്കി പണം പിന്നീട് തന്നാല്‍ മതിയെന്നും പശുവിനെ വാങ്ങണമെന്നും നിര്‍ബന്ധിച്ചു. അവരുടെ സാമ്പത്തികബുദ്ധിമുട്ട് കണ്ട് മനസലിഞ്ഞ ബെന്നി പറഞ്ഞ തുക മുഴുവനും നല്കി ഏപ്രില്‍ ഒമ്പതിന് പശുവിനെ വാങ്ങി.
കറക്കാന്‍ സമ്മതിക്കാത്ത പശു
പശുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന് 20 ദിവസം കഴിഞ്ഞ് ഏപ്രില്‍ 29നാണ് പ്രസവം നടക്കുന്നത്. എന്നാല്‍ പാല് കറക്കാന്‍ ചെന്നപ്പോഴാണ് വിവരമറിയുന്നത്. ആക്രമണകാരിയായ പശു തന്റെ അടുത്തേക്ക് കറവപാത്രവുമായി വരാന്‍പോലും ആരെയും അനുവദിച്ചില്ല. മാത്രമല്ല, സ്വന്തം കിടാവിനെ മുലയൂട്ടാന്‍ പോലും പശു തയാറായില്ല. ഭാര്യ സൗമ്യയുടെ കൂടി സഹായത്തോടെ വളരെ കഷ്ടപ്പെട്ട് ബെന്നി കറന്നുനോക്കിയപ്പോള്‍ കിട്ടിയത് വെറും രണ്ടു ലിറ്റര്‍ പാല് മാത്രം.
ആദ്യത്തെ 11 ദിവസവും ഇതുതന്നെ അവസ്ഥ. ഇക്കാര്യം ഗണേഷ് റാവുവിനോട് പറഞ്ഞപ്പോള്‍ എങ്ങനെയാണ് ഈ പശുവിനെ കറക്കേണ്ടതെന്ന് നേരിട്ടുവന്ന് കാണിച്ചുതരാമെന്നു പറഞ്ഞെങ്കിലും വന്നില്ല. ബെന്നി പലതവണ ഫോണില്‍ വിളിച്ചിട്ടും റാവു വരാന്‍ കൂട്ടാക്കിയില്ല.
വാദിയെ പ്രതിയാക്കി പോലീസില്‍ പരാതി
ഇതിനിടെയാണ് കുമ്പള പോലീസ് സ്റ്റേഷനില്‍നിന്ന് ബെന്നിക്ക് ഫോണ്‍ വരുന്നത്. ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഗണേഷ് റാവുവിന്റെ ഭാര്യ തനിക്കെതിരെ പരാതി നല്‍കിയെന്നും സ്റ്റേഷനിലേക്കു ചെല്ലണമെന്നും പറഞ്ഞപ്പോള്‍ ബെന്നി ഞെട്ടി. സ്റ്റേഷനിലേക്കു ചെന്നപ്പോള്‍ പോലീസുകാര്‍ പരുഷമായി പെരുമാറുകയും തല്ലാനോങ്ങുകയും ചെയ്തു.
എന്നാല്‍ പശുവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്കു പിന്നിലെന്നും പരാതിക്കാരിയോട് സംസാരിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും എന്നിട്ടു വേണമെങ്കില്‍ തന്നെ തല്ലിക്കോയെന്നും ബെന്നി പറഞ്ഞു. പരാതിക്കാരിയെ വിളിച്ചു ചോദിച്ചപ്പോള്‍ പോലീസിന് സത്യം ബോധ്യപ്പെട്ടു. ബെന്നിയോട് പശുവിനെ ഗണേഷ് റാവുവിന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കാനും 10 ദിവസത്തിനുശേഷം പശുവിന് കൂടുതല്‍ പാല് കിട്ടുന്നുണ്ടോയെന്നും പരിശോധിക്കാനും നിര്‍ദേശിച്ചു. അന്നേദിവസം തന്നെ ബെന്നി പശുവിനെ അവിടെ കൊണ്ടുചെന്നാക്കി.
നിയമപോരാട്ടത്തിലേക്ക്
മേയ് 21നാണ് ബെന്നിക്ക് ഗണേഷ് റാവുവിന്റെ ഫോണ്‍ വരുന്നത്. പശുവിന് 12 ലിറ്റര്‍ പാല് കിട്ടാന്തുടങ്ങിയെന്ന് പറഞ്ഞു. പുലര്‍ച്ചെ അഞ്ചിനു തന്നെ ബെന്നി 10 കിലോമീറ്റര്‍ അകലെയുള്ള റാവുവിന്റെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ചയെക്കുറിച്ച് ബെന്നി പറയുന്നു. ""റാവു വലിയൊരു വടിയുമായി നില്ക്കുന്നു. അദ്ദേഹത്തിന്റെ അമ്പലത്തിലെ പ്രസാദം നല്കി പശുവിന്റെ ശ്രദ്ധ മാറ്റുന്നു. ഇതിനിടെ ഭാര്യ കഷ്ടപ്പെട്ട് പശുവിനെ കറക്കുന്നു. എന്നിട്ട് കിട്ടിയതാകട്ടെ വെറും രണ്ടരലിറ്റര് പാലും.'' ബെന്നി വിവരം പോലീസിനെ അറിയിച്ചു.
പണം മടക്കിക്കൊടുക്കാന്‍ പോലീസ് റാവുവിന് നിര്‍ദേശം നല്കി. എന്നാല്‍ റാവു അതിന് തയാറായില്ല. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ജില്ലാ നിയമസേവന അഥോറിറ്റിക്ക് വിട്ടു. 30,000 രൂപയെങ്കിലും തന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് ബെന്നി പറഞ്ഞു. എന്നാല്‍ ഒത്തുതീര്‍പ്പിന് തയാറാകാതിരുന്ന റാവു തനിക്ക് ബെന്നിയെ പരിചയമില്ലെന്നും പശുവിനെ താന്‍ വിറ്റിട്ടില്ലെന്നുമാണ് അഥോറിറ്റിയോട് പറഞ്ഞത്. തനിക്ക് പണം നല്കിയെങ്കില് അതിന്റെ തെളിവ് ഹാജരാക്കണമെന്നും റാവു ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് കേസ് ജില്ലാ ഉപഭോക്തൃകോടതിക്ക് വിട്ടു. അഭിഭാഷകനെ വയ്ക്കാതെ സ്വന്തം നിലയ്ക്കാണ് ബെന്നി കോടതിയില്‍ വാദിച്ചത്. പോലീസിന്റെ മൊഴിയും തനിക്കെതിരെ റാവുവിന്റെ ഭാര്യ കൊടുത്ത പരാതിയും കേസ് ബെന്നിക്ക് അനുകൂലമാക്കി. 20,000 രൂപ നഷ്ടപരിഹാരമടക്കം 56,500 രൂപ 30 ദിവസത്തിനകം ബെന്നിക്ക് നല്കാന് 2023 ജൂണ്‍ 20നു കോടതി ഉത്തരവായി.
എന്നാല്‍ പണം കൊടുക്കാന്‍ റാവു ഒരുക്കമായിരുന്നില്ല.
ഇയാള്‍ തിരുവനന്തപുരത്തെ സംസ്ഥാന ഉപഭോക്തൃകോടതിയില്‍ അപ്പീലിന് പോയി. ഇതിനായി നഷ്ടപരിഹാരത്തുകയുടെ പകുതി (28,250 രൂപ) ഇയാള്‍ കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. എന്നാല്‍ മേല്‍ക്കോടതിയും റാവുവിന്റെ വാദം തള്ളിക്കളഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ പശുവില്പനയില് ബില്ലോ രസീതോ പോലുള്ള രേഖകള്‍ പ്രതീക്ഷിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി റാവു കെട്ടിവച്ച പണം ബെന്നിക്ക് കൈമാറാന്‍ നിര്‍ദേശം നല്കി. അതേസമയം കേസ് നടക്കുന്ന കാലയളവില്‍ റാവു നിയമവിരുദ്ധമായി ഈ പശുവിനെയും കിടാവിനെയും വില്‍ക്കുകയും പണം കീശയിലാക്കുകയും ചെയ്തു. ""റബര്‍ ടാപ്പിംഗും പശുവളര്‍ത്തലും ഒരുമിച്ചുകൊണ്ടുപോകാമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ ഇങ്ങനെയൊരു ദുരനുഭവമുണ്ടായതോടെ ഉണ്ടായിരുന്ന മറ്റു മൂന്നു പശുക്കളെയും വിറ്റു. ഇപ്പോള്‍ റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുകയാണ്. വൈകിയെങ്കിലും നീതി നടപ്പായതില്‍ സന്തോഷം.''-ബെന്നി പറഞ്ഞു.