പെന്ഷന് നിഷേധിക്കുന്നത് മനുഷ്യാവകാശ നിഷേധമെന്ന് കമ്മീഷന്
1587998
Sunday, August 31, 2025 3:17 AM IST
കാസര്‍ഗോഡ്: പെന്ഷന് എന്നതു വിരമിച്ച ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണെന്നും അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
കാസര്‍ഗോഡ് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് സഹകരണ സംഘത്തില്‍ നിന്നും വിരമിച്ച 50 ശതമാനം വൈകല്യമുള്ള അംഗപരിമിതന് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഇതിനകം അനുവദിച്ചിട്ടില്ലെങ്കില്‍ ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം അനുവദിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് സഹകരണ സംഘം സെക്രട്ടറിക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. കാസര്‍ഗോഡ് കാനത്തൂര്‍ സ്വദേശി കെ. നാരായണന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
1982 ജൂലൈയില്‍ ജോലിയില്‍ പ്രവേശിച്ച പരാതിക്കാരന് 2018 ഏപ്രില്‍ 30 ന് വിരമിച്ചു. ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുവദിക്കാത്തതിനെതുടര്ന്നാണ് പരാതിക്കാരന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഭിന്നശേഷി കമ്മീഷന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. ഗ്രാറ്റുവിറ്റിയും ടെര്‍മിനല്‍ സറണ്ടറും പരാതിക്കാരന് നല്‍കാനുണ്ടെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു.
പെന്ഷന് ബോര്‍ഡില്‍ നിന്നും മിനിമം പെന്ഷന് അനുവദിച്ചിട്ടുണ്ട്. സംഘം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിരമിച്ച മറ്റ് ജീവനക്കാര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ നല്കാന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.