അമീബിക് മസ്തിഷ്കജ്വരത്തിനെതിരായ ക്ലോറിനേഷൻ പരിപാടിക്ക് ജില്ലയിൽ തുടക്കമായി
1588008
Sunday, August 31, 2025 3:20 AM IST
പിലിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്ലോറിനേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കടവിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി. രാംദാസ് മുഖ്യാതിഥിയായി. പഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി. സുലോചന അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. പ്രദീപൻ, പി. രേഷ്ന, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
കിണറിലെ വെള്ളത്തിലൂടെയും രോഗവ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു ദിവസങ്ങളിലായി ജില്ലയിലെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
ജലം അണുവിമുക്തമാക്കാനുള്ള ഏറ്റവും പ്രായോഗികവും ശാസ്ത്രീയവുമായ രീതിയാണ് ക്ലോറിനേഷൻ. ജില്ലയിൽ ആകെ 1,37,836 കിണറുകളാണ് ഉള്ളതായി കണക്കാക്കിയിട്ടുള്ളത്. ആശ-കുടുംബശ്രീ പ്രവർത്തകരുടെയും മറ്റു സന്നദ്ധസംഘടന പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ക്ലോറിനേഷൻ നടത്തുന്നത്. പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർ മേൽനോട്ടം വഹിക്കും.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക. വാട്ടർ തീം പാർക്കുകളിലെയും നീന്തൽക്കുളങ്ങളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക, ജലസ്രോതസുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക, മലിനമായ ജലത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും കഴുകുന്നതും പൂർണമായി ഒഴിവാക്കുക, വെള്ളം സംഭരിക്കുന്ന ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ രോഗവ്യാപനത്തെ പ്രതിരോധിക്കാനാവുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് പറഞ്ഞു.