കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ധർണ നടത്തി
1588000
Sunday, August 31, 2025 3:20 AM IST
വെള്ളരിക്കുണ്ട്: സഹകരണ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ (കെസിഇഎഫ്) നേതൃത്വത്തിൽ താലൂക്ക് സഹകരണ അസി. രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി.
സഹകരണമേഖലയെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന നയങ്ങൾ പിൻവലിക്കുക, സഹകരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കുടിശിക നിവാരണ പദ്ധതിക്ക് കൃത്യത വരുത്തുക, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സർക്കാർ നൽകാനുള്ള ഉത്തേജക പലിശ കുടിശിക എത്രയും വേഗം നൽകുക, പലവക സംഘങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രമോഷനും ആനുകുല്യങ്ങളും ഇല്ലാതാക്കുന്ന നയങ്ങൾ തിരുത്തുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കൃത്യമായ വായ്പ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ ഉദ്ഘാടനം ചെയ്തു. കെസിഇഎഫ് താലൂക്ക് പ്രസിഡന്റ് ബെന്നി ഫ്രാൻസിസ് കലയന്താങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.എം. അബ്ദുള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ഗോവിന്ദൻ, കെ.പി. അനുരാധ, എൻ. രതീഷ്, ആൻസിക്കുട്ടി തോമസ്, ബിൽബി തോമസ് എന്നിവർ പ്രസംഗിച്ചു.