നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു
1588009
Sunday, August 31, 2025 3:20 AM IST
നീലേശ്വരം: നഗരസഭയുടെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ ഷംസുദ്ദീന് അരിഞ്ചിറ, വി. ഗൗരി, പി. ഭാര്‍ഗവി, ടി.പി. ലത, കെ.പി. രവീന്ദ്രന്, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, റഫീഖ് കോട്ടപ്പുറം, അബൂബക്കര്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി ടി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
നഗരസഭയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിൽ അതിദരിദ്ര വിഭാഗത്തില്‍ ഉൾപ്പെട്ട 44 പേരെയാണ് കണ്ടെത്തിയത്. ഇവരില്‍ ഏഴ് പേര്‍ക്ക് റേഷന്‍ കാര്‍ഡും അഞ്ച് പേര്‍ക്ക് ആധാര്‍ കാര്‍ഡ് ഉൾപ്പെടെയുള്ള അവകാശ രേഖകളും അര്‍ഹരായവര്‍ക്ക് ക്ഷേമ പെന്‍ഷനും അനുവദിച്ചു.
അർഹരാണെന്ന് കണ്ടെത്തിയ 37 പേർക്ക് 18 ഇനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ 2022 ഡിസംബര്‍ മുതല്‍ എല്ലാ മാസവും നല്‍കുന്നുണ്ട്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത. ഇതില്‍ അഞ്ചുപേര്‍ മരണപ്പെട്ടതിനാല്‍ നിലവില്‍ 32 പേര്‍ക്കാണ് കിറ്റ് നല്‍കുന്നത്. ഒരാള്‍ക്ക് പാകം ചെയ്ത ഭക്ഷണവും നല്കുന്നു. ഈ വര്‍ഷം നാലു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
അതിദരിദ്രരുടെ വിഭാഗത്തിൽ ആരോഗ്യ സേവനങ്ങൾ ആവശ്യമുള്ളവരുടെ പട്ടിക താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് പാലിയേറ്റീവ് കെയര്‍ സേവനവും നൽകുന്നുണ്ട്. രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പട്ടികയിലെ 6 പേര്‍ക്ക് കുടുംബശ്രീ ഉജ്ജീവനം പദ്ധതി മുഖേന ടൈലറിംഗ് ഷോപ്പുകളും തട്ടുകടകളും ആരംഭിക്കുന്നതിനായി തിരിച്ചടവില്ലാത്ത വിധത്തിൽ 50000 വീതം വായ്പ അനുവദിക്കുകയും സാധനസാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നാലു പേര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ഭൂമി കണ്ടെത്തി പട്ടയം നല്കി. വീട് നിര്‍മാണത്തിനാവശ്യമായ തുക നഗരസഭ വകയിരുത്തി. ഒരാള്‍ക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന സ്ഥലം ലഭ്യമാക്കി. രണ്ട് കുടംബങ്ങള്‍ക്ക് നഗരസഭയുടെ ചെലവിൽ വീട് വാടകയ്ക്ക് എടുത്തുനല്‍കി. 10 പേര്‍ക്ക് വീടിന്റെ പുനരുദ്ധാരണത്തിന് ധനസഹായം നൽകി.
കാഞ്ഞങ്ങാട്: ജില്ലയിലെ ആദ്യത്തെ അതിദാരിദ്ര്യമുകത നഗരസഭയായി കാഞ്ഞങ്ങാട് നഗരസഭയെ പ്രഖ്യാപിച്ചു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ.വി. സുജാതയാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭാ പരിധിയിൽ വീടില്ലാതെയും ഭൂമിയില്ലാതെയും കഴിയുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഭൂമിയും വീടും ഉറപ്പുവരുത്തി.
വീടുകളുടെ അറ്റകുറ്റപണികൾക്കായി ധനസഹായം, കുട്ടികൾക്ക് പഠനമുറി, സ്കൂള്‍ കിറ്റ്, മരുന്ന് വാങ്ങാനുള്ള സഹായം, ഭക്ഷ്യകിറ്റ് എന്നിവയും നല്‍കിയതായി നഗരസഭാധ്യക്ഷ പറഞ്ഞു. ചടങ്ങില്‍ വൈസ് ചെയര്മാന് ബിൽടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ. ലത, കെ.വി. സരസ്വതി, കെ. അനീശന്‍, കെ. പ്രഭാവതി, നഗരസഭാ സെക്രട്ടറി എം.കെ. ഷിബു, എൻജിനീയർ ചന്ദ്രന് കിഴക്കേവീട്, റവന്യൂ സൂപ്രണ്ട് രാമചന്ദ്രന്, ക്ലീന്‍ സിറ്റി മാനേജര്‍ ബൈജു എന്നിവര്‍ സംസാരിച്ചു.