കടലെടുത്തു, കണ്വതീർഥയുടെ വിനോദസഞ്ചാര സ്വപ്നങ്ങൾ
1572094
Wednesday, July 2, 2025 1:49 AM IST
മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരത്തെ വിനോദസഞ്ചാരമേഖലയിൽ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച കണ്വതീർഥ ബീച്ച് കടലേറ്റത്തിൽ നിലംപരിശായി.
വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി 15 ലക്ഷം രൂപ ചെലവിൽ ഇവിടെ നിർമിച്ച നടപ്പാതയും ഇരിപ്പിടങ്ങളും റെയിൻ ഷെൽട്ടർ, കുട്ടികളുടെ പാർക്ക്, ബയോഫെൻസിംഗ് തുടങ്ങിയ സംവിധാനങ്ങളും പാടേ തകർന്നു.
ബീച്ചിന്റെ നടത്തിപ്പിനായി ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനിടയിലാണ് ഇതുവരെ പൂർത്തിയായ നിർമാണങ്ങളെല്ലാം ഏറെക്കുറെ തകർന്നടിഞ്ഞത്.
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ചുമാറ്റിയപ്പോൾ കിട്ടിയ രണ്ടു വലിയ സ്റ്റീൽ കണ്ടെയ്നറുകൾ നേരത്തേ ഇവിടെ എത്തിച്ചിരുന്നു. ഇവ ബീച്ചിൽ സ്ഥാപിച്ച് അറ്റകുറ്റപണികൾ നടത്തി പെയിന്റ് ചെയ്ത് മനോഹരമാക്കി വിശ്രമകേന്ദ്രങ്ങളായി ഒരുക്കാനായിരുന്നു പദ്ധതി. കടലേറ്റത്തിൽ ഇവ രണ്ടും കടലിലേക്ക് മറിഞ്ഞുവീണ നിലയിലാണ്.
രണ്ടുവർഷം മുമ്പ് കണ്വതീർഥ ബീച്ചിൽ വികസനപ്രവർത്തനങ്ങൾ തുടങ്ങിയ കാലത്ത് പദ്ധതിപ്രദേശം കടലിൽ നിന്ന് 200 മീറ്ററിലധികം അകലെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും ഉള്ളിലേക്ക് കടൽ കടന്നുകയറിയതോടെയാണ് പൂർത്തിയായ നിർമാണങ്ങൾപോലും തകരുന്ന നിലയായത്. ബിച്ചിലേക്കുള്ള റോഡിന്റെ ഒരു ഭാഗവും കടലേറ്റത്തിൽ തകർന്നു.
അടുത്തുള്ള ജല അഥോറിറ്റിയുടെ കൂറ്റൻ കോൺക്രീറ്റ് ടാങ്കും അപകടഭീഷണിയിലാണ്. കടൽ ഇത്രയും അടുത്തെത്തിയതോടെ റോഡിന്റെ മറുവശത്ത് താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലായി.
തീരത്തെ കാറ്റാടി, ബദാം മരങ്ങൾക്കിടയിലൂടെ നടപ്പാതയും ഇടയ്ക്ക് കോട്ടേജുകളും ലഘുഭക്ഷണശാലയുമൊക്കെ വിനോദസഞ്ചാര പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. കടലേറ്റത്തിൽ മരങ്ങളിലേറെയും കടപുഴകിയതോടെ അതും പാഴ്ക്കിനാവായി.
കണ്വതീർഥയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ കർണാടകയുടെ ഭാഗത്ത് അടുത്തിടെ കടലിന്റെ ഒരു ഭാഗം നികത്തി പുലിമുട്ട് നിർമിച്ചതാണ് ഇവിടെ ഇത്രയധികം ഉള്ളിലേക്ക് കടൽ കടന്നുകയറാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
ഉപ്പളയിലും കടലേറ്റത്തിൽ വ്യാപക നാശം
ഉപ്പള: രൂക്ഷമായ കടലേറ്റത്തിൽ ഉപ്പള ഹനുമാൻ നഗർ, ശാരദ നഗർ, ബേരിക്ക, പെരിങ്കടി, മുട്ടം, മണിമുണ്ട ഭാഗങ്ങളിൽ വ്യാപക നാശം. ഈ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡും തകർന്നു. പലയിടങ്ങളിലും കാറ്റാടിമരങ്ങളും തെങ്ങുകളും കടപുഴകി വീണു. ബേരിക്കയിൽ കടലേറ്റം തടയുന്നതിനായി സ്ഥാപിച്ച ജിയോബാഗ് കടൽഭിത്തിയും കടലെടുത്തു.
2018 ൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച ഉപ്പള ഹനുമാൻ നഗർ റോഡ് മുൻവർഷങ്ങളിലും കടലേറ്റത്തിൽ അങ്ങിങ്ങായി ടാറിംഗ് ഇളകി തകർന്നിരുന്നു. ഈ വർഷം വീണ്ടും ലക്ഷങ്ങൾ ചെലവിട്ട് ഈ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തിട്ടും ഫലമുണ്ടായില്ല.
പല വീടുകളുടെയും അകത്തേക്കുപോലും തിരമാലകൾ അടിച്ചുകയറി. പുറത്തെങ്ങും ചെളിയും മാലിന്യവും നിറഞ്ഞതോടെ പലർക്കും വീടിനു പുറത്തിറങ്ങാൻ കഴിയാതായി.
കടലേറ്റത്തെ കുറച്ചെങ്കിലും തടഞ്ഞുനിർത്താൻ ഇവിടെ കരിങ്കല്ലുകൊണ്ടുള്ള കടൽഭിത്തിയോ ടെട്രാപോഡ് സംവിധാനമോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.