നീലേശ്വരത്ത് നാലാം പ്ലാറ്റ്ഫോം നിര്‍മിക്കണം: റെയില്‍വേ വികസന ജനകീയ കൂട്ടായ്മ
1571507
Monday, June 30, 2025 12:55 AM IST
നീലേശ്വരം: റെയില്‍വേയുടെ അധീനതയില്‍ ഇരുപതിലേറെ ഏക്കര്‍ സ്ഥലമുണ്ടായിട്ടും അവഗണിക്കപ്പെടുന്ന നീലേശ്വരത്ത് ഗുഡ്സ് ട്രെയിനുകള്‍ക്ക് വേണ്ടി നാലാം പ്ലാറ്റ്ഫോമും പുതിയ റെയില്‍പാതയും നിര്‍മിക്കണമെന്ന് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
രണ്ടും മൂന്നും പ്ലാറ്റ്ഫോമിന്റെ കിഴക്ക് ഭാഗത്ത് എഫ്സിഐ ഗോഡൗണ്‍ വരെയുള്ള സ്ഥലം ഇതിനു വേണ്ടി ഉപയോഗിച്ചാല്‍ മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ധ്യാന്യങ്ങള്‍ ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്കുപൊത്തി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരമാകും. അധികമായി നിര്‍മിക്കുന്ന പ്ലാറ്റ്ഫോമിലേക്ക് കണ്ണൂരില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ ഏതെങ്കിലുമെന്ന് കാസര്‍ഗോഡ് ജില്ലയിലേക്ക് നീട്ടാനും സാധിക്കും.
കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന മറ്റ് എക്സ്പ്രസ് ട്രെയിനുകള്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിലേക്ക് നീട്ടുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. അടിയന്തിരമായി റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ഓവുചാല്‍ വൃത്തിയാക്കി എഫ്സിഐ ഗോഡൗണിന് സമീപത്തെ റെയില്പാതയ്ക്കരികില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രസ്തുത ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്കും റെയിവേ അധികൃതര്‍ക്കും നിവേദനം നല്‍കും. യോഗത്തില്‍ പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു.
സേതു ബങ്കളം, സി.കെ. അബ്ദുള്‍ സലാം, പത്മനാഭന് മാങ്കുളം, ഗോപിനാഥന് മുതിരക്കാല്‍, സി.കെ. ജനാര്ദ്ദനന്, പി. ഭാര്ഗവന്, എ.വി. പത്മനാഭന്, അശോക് രാജ് വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. സുനില്‍രാജ് സ്വാഗതവും കെ.വി. പ്രിയേഷ്കുമാര്‍ നന്ദിയും പറഞ്ഞു.