ഈസ്റ്റ് എളേരിയിലും കോടോം ബേളൂരിലും കൃഷിയിടങ്ങളിൽ ഓര്‍ക്കിഡ് വസന്തം
1570912
Saturday, June 28, 2025 1:50 AM IST
ചിറ്റാരിക്കാൽ: കൃഷിവകുപ്പിന്റെ ഫ്ളോറി വില്ലേജ് പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിൽ ഓര്‍ക്കിഡ് വസന്തം തീർത്ത് ഈസ്റ്റ് എളേരി, കോടോം ബേളൂർ പഞ്ചായത്തുകളിലെ കർഷകർ. പൂക്കള്‍, പഴവർഗങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഈസ്റ്റ് എളേരിയിൽ നിന്ന് മുപ്പതും കോടോം ബേളൂരിൽനിന്ന് 22 ഉം കർഷകരാണ് അംഗമായിട്ടുള്ളത്. ആദ്യഘട്ട കൃഷി വിജയമായതോടെ പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പും പഞ്ചായത്തുകളും.
ഓരോ ഗുണഭോക്താവിനും 100 തൈകള്‍ വരെയാണ് കൃഷിവകുപ്പ് വിതരണം ചെയ്തത്. ആവശ്യമായ രാസവളം, ടെന്റ് തുടങ്ങിയ സൗകര്യങ്ങളും അനുവദിച്ചു. ആത്മയുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനം നല്കി. താരതമ്യേന കുറഞ്ഞ ചെലവില്‍ മികച്ച ലാഭം നേടാന്‍ ഓർക്കിഡ് കൃഷിയിലൂടെ കഴിയുമെന്ന് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കൃഷിനടത്തിയ ചിറ്റാരിക്കാലിലെ സെബാസ്റ്റ്യന്‍ (റോയി) തയ്യിലിടപ്പാട്ട് പറഞ്ഞു.
വിവാഹവും മറ്റ് ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട അലങ്കാരത്തിനാണ് ഓര്‍ക്കിഡ് പൂക്കൾ വന്‍തോതില്‍ ഉപയോഗിക്കുന്നത്. ഓരോ ഓര്‍ക്കിഡ് ചെടിയിൽനിന്നും ശരാശരി 200 രൂപ ലാഭം കിട്ടുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വിപണി ലഭ്യമാക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിപണിയിലെ ആവശ്യാനുസരണം വരുംകാലങ്ങളില്‍ മറ്റ് പൂക്കളും കൃഷി ചെയ്യാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.