പാടി നഗറിനെ വിട്ടൊഴിയാതെ കാട്ടാന
1571385
Sunday, June 29, 2025 7:12 AM IST
മാലോം: ബളാൽ പഞ്ചായത്തിലെ പാടി പട്ടികവർഗ നഗറിനെ വിട്ടൊഴിയാതെ കാട്ടാന. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പതിവായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയാണ്.
ഇവിടെ താമസിക്കുന്നഅൻപതിലധികം കുടുംബങ്ങൾ രാത്രിയിൽ കാട്ടാനയെ ഭയന്ന് ഉറങ്ങാൻ പോലും കഴിയാത്ത നിലയിലാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങാനും കഴിയുന്നില്ല. ടാറിട്ട റോഡിൽ പോലും കാട്ടാനകൾ കടന്നുപോയതിന്റെ അടയാളങ്ങളാണ്.
പ്രശ്നത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും ജനവാസമേഖലയ്ക്കു സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും ഇവിടെ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു. ബളാൽ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിലെല്ലാം ഒരു മാസത്തിലേറെയായി കാട്ടാനകൾ വിളയാടുകയാണ്.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഇതിനകം നശിപ്പിക്കപ്പെട്ടത്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.